ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം
121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ
പറ്റ്‌ന: ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ബിഹാറില്‍ ഇന്ന് നിശബ്ദ പ്രചാരണം. 121 മണ്ഡലങ്ങളിലാണ് ജനം വിധിയെഴുതുക. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ ഉള്‍പ്പെടെയുള്ള നേതാക്കളാണ് ജനവിധി തേടുന്നത്. അതേസമയം രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികള്‍. 1,314 സ്ഥാനാര്‍ത്ഥികളാണ് മല്‍സരിക്കുന്നത്. മൂന്നു കോടി 75 ലക്ഷം വോട്ടര്‍മാരാണുള്ളത്.
വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാണ് നേതാക്കള്‍. വീടുകള്‍ കയറിയുള്ള പ്രചാരണങ്ങളില്‍ ജനകീയ പ്രഖ്യാപനങ്ങളില്‍ ഊന്നിയാണ് പ്രചാരണം മുന്നോട്ടുപോകുന്നത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും താര പ്രചാരകര്‍ സംസ്ഥാനത്ത് തുടരുകയാണ്.
മഹാസഖ്യത്തിന്റ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് രാഘോപൂരില്‍ നിന്നും ബിജെപിയുടെ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൌധരി താരാപൂരില്‍ നിന്നും വിജയ് കുമാര്‍ സിന്‍ഹ ലഖിസരായില്‍ നിന്നും മല്‍സരിക്കുന്നു. തേജസ്വിയുടെ സഹോദരന്‍ തേജ് പ്രതാപ് യാദവ് മഹുവയില്‍ നിന്നാണ് പോരാടുന്നത്.
ആദ്യഘട്ട മണ്ഡലങ്ങളില്‍ പരമാവധി സീറ്റുറപ്പിക്കാനാണ് മുന്നണികളുടെ ശ്രമം. 2020ല്‍ 121 സീറ്റുകളില്‍ 61 ഇടത്ത് മഹാസഖ്യം വിജയിച്ചിരുന്നു. വോട്ടെടുപ്പ് ദിവസം പ്രതിപക്ഷ പ്രവര്‍ത്തകരെ വീട്ടില്‍ തടയണമെന്ന പരാമര്‍ശത്തില്‍ ജെഡിയു നേതാവും കേന്ദ്ര മന്ത്രിയുമായ ലല്ലന്‍ സിങ് തിരഞ്ഞെടുപ്പ് കമീഷന് ഇന്ന് വിശദീകരണം നല്‍കും. മന്ത്രിക്കെതിരേ പോലിസ് കേസെടുത്തിരുന്നു.
സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 35 ശതമാനം സംവരണം. 10,000 രൂപ വീതമുള്ള പ്രത്യേക സഹായം അടക്കം പദ്ധതികള്‍ തിരഞ്ഞെടുപ്പിന് മുന്‍പു തന്നെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടപ്പാക്കി. സ്ത്രീകള്‍ക്ക് 30,000 രൂപ അടുത്ത ജനുവരിയില്‍ തന്നെ അക്കൌണ്ടിലേക്ക് നല്‍കുമെന്നാണ് പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ തേജസ്വി യാദവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പുരുഷ വോട്ടര്‍മാരേക്കാള്‍ വോട്ട് ചെയ്യാനെത്തിയത് സ്ത്രീകളാണ്. വോട്ടു ചെയ്തവരില്‍ സ്ത്രീ വോട്ടര്‍മാര്‍ 60 ശതമാനവും പുരുഷന്മാര്‍ 54 ശതമാനവുമെന്നതാണ് കണക്ക്.

