ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി; പോളിങ് 64.66 ശതമാനം

Update: 2025-11-06 16:24 GMT

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ഒന്നാം ഘട്ടത്തില്‍ 64.66% ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമീഷന്‍. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പ്. ഒന്നാം ഘട്ടത്തില്‍ 3.75 കോടി വോട്ടര്‍മാരായിരുന്നു വിധിയെഴുതേണ്ടിയിരുന്നത്. 45,341 പോളിംങ് സ്റ്റേഷനുകളിലായാണ് വോട്ടെടുപ്പു നടന്നത്, അതില്‍ 36,733 എണ്ണം ഗ്രാമപ്രദേശങ്ങളിലാണ്. 3.75 കോടി വോട്ടര്‍മാരില്‍ 10.72 ലക്ഷം പേര്‍ പുതിയ വോട്ടര്‍മാരായിരുന്നു. ബെഗുസാര ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്(67.32%)രേഖപ്പെടുത്തിയത്. ഷെയ്ഖ്പുര ജില്ലയിലാണ് ഏറ്റവും കുറവ്(52.36%) രേഖപ്പെടുത്തിയത്.

രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പു നടന്നത്. ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനത്തിനു നേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെയുള്ള ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.

ആര്‍ജെഡിയുടെ തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ, കൂടാതെ നിരവധി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ഇന്ന് ജനവിധി തേടി. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യമാണ് ആദ്യഘട്ട മണ്ഡലങ്ങളില്‍ മുന്‍തൂക്കം നേടിയത്. 121ല്‍ 63 സീറ്റുകള്‍ സ്വന്തമാക്കി. എന്‍ഡിഎ സഖ്യം 55 സീറ്റുകളാണ് നേടിയത്. 11നു നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 122 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 14നാണ് വോട്ടെണ്ണല്‍.

Tags: