ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ പറമ്പിലേക്ക് തീപടര്‍ന്നു; മധ്യവയസ്‌കന്‍ മരിച്ചു
കൊല്ലം: മുഖത്തല കല്ലുവെട്ടാംകുഴിയില്‍ മധ്യവയസ്‌കന്‍ പൊള്ളലേറ്റ് മരിച്ചു. കൊല്ലം കാവനാട് കഞ്ഞിമേല്‍ശേരി സ്വദേശിയായ ദയാനിധി ഷാനാണ് മരിച്ചത്. പറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കവെയാണ് അപകടം. തീയണയ്ക്കാനുള്ള സഹായത്തിനായി ഷാന്‍ അഗ്‌നിരക്ഷാ സേനയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അവരെത്തും മുന്‍പ് ഇയാളുടെ ദേഹത്തേക്കും തീ പടരുകയായിരുന്നു.
കാവനാട് സ്ഥിരതാമസമായ ഷാന് കല്ലുവെട്ടാംകുഴിയില്‍ വാടകവീടുണ്ട്. ഈ വീടും പരിസരവും വൃത്തിയാക്കാനാണ് ഇയാള്‍ എത്തിയത്. ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ തീ പറമ്പിലേക്കും പടരുകയായിരുന്നു. തീ പടര്‍ന്നുപിടിച്ചതോടെ ഇയാള്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. എന്നാല്‍, പുകയും ചൂടുമേറ്റ് ഷാന്‍ കുഴഞ്ഞുവീഴുകയും പിന്നാലെ ശരീരത്തിലേക്ക് തീ പടര്‍ന്ന് മരിക്കുകയുമായിരുന്നു എന്നാണ് വിവരമെന്ന് പി സി . വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഷാന്‍. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.