ന്യൂയോര്‍ക്കില്‍ കെട്ടിടത്തില്‍ നിന്ന് ഗ്യാസ് പൊട്ടിത്തെറിച്ച് തീപിടിത്തം; ഒരാള്‍ മരിച്ചു, 14 പേര്‍ക്ക് പരിക്ക്

Update: 2026-01-25 06:43 GMT

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലെ ബഹുനില കെട്ടിടത്തിന്റെ സമുച്ചയത്തില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് തീപിടിത്തം. അപകടത്തില്‍ ഒരാള്‍ മരിച്ചു, 14 പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീപിടിത്തമുണ്ടായത്.

ബ്രോങ്ക്‌സിലെ 17 നില കെട്ടിടത്തില്‍ ശനിയാഴ്ച്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ 15,16 നിലകളില്‍ നിന്ന് വാതകത്തിന്റെ ദുര്‍ഗന്ധം വമിച്ചതായി ലഭിച്ച റിപോര്‍ട്ടുകള്‍ അഗ്‌നിശമന സേനാംഗങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് വകുപ്പ് മേധാവി ജോണ്‍ എസ്‌പോസിറ്റോ പറഞ്ഞു. ഒരു ഡസനോളം അപ്പാര്‍ട്ടുമെന്റുകള്‍ക്ക് വലിയ കാര്യമായ നാശനഷ്ടങ്ങളും 16, 17 നിലകളിലെ 10 അപ്പാര്‍ട്ടുമെന്റുകളില്‍ തീപിടിത്തവും ഉണ്ടായതായി അദ്ദേഹം പറഞ്ഞു.

മരിച്ച വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചികില്‍സയിലുള്ള ആറു പേര്‍ക്ക് ഗുരുത പരിക്കുകളും എട്ടു പേര്‍ക്ക് നിസാര പരിക്കുകളുമാണുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. ന്യൂയോര്‍ക്ക് സിറ്റി ഹൗസിംഗ് അതോറിറ്റിയുടേതായിരുന്ന കെട്ടിടം 2024 മുതല്‍ സ്വകാര്യ മാനേജ്‌മെന്റിന്റെ കീഴിലാണെന്നും സ്‌ഫോടനത്തിന്റെ യഥാര്‍ഥ കാരണം അന്വേഷിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. കെട്ടിടത്തിലെ എല്ലാ മുറികളും അടച്ചുപൂട്ടിയതായും 148 അപ്പാര്‍ട്ടുമെന്റുകളും ഒഴിപ്പിച്ചതായും മേയര്‍ സൊഹ്‌റാന്‍ മംദാനി പറഞ്ഞു. കെട്ടിടത്തിലെ താമസക്കാര്‍ക്കായി അടുത്തുള്ള സ്്ക്കൂളില്‍ താല്‍ക്കാലിക കേന്ദ്രം സ്ഥാപിച്ചു.

Tags: