തിരുവനന്തപുരത്ത് സ്‌കൂള്‍വളപ്പില്‍ തീപിടിത്തം; മൂന്ന് ബസുകള്‍ കത്തിനശിച്ചു
തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്‌കൂള്‍വളപ്പില്‍ തീപിടിത്തം. ചെങ്കോട്ടുകോണം തുണ്ടത്തില്‍ മാധവവിലാസം ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളിലാണ് തീപിടിത്തമുണ്ടായത്. സ്‌കൂള്‍വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ക്കാണ് തീപിടിച്ചത്. മൂന്ന് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരു ബസ് ഭാഗികമായും കത്തിനശിച്ചു.
ഇന്ന് പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം നടന്നത്. തീ ആളിക്കത്തുന്നത് കണ്ട് അയല്‍വീടുകളിലുള്ളവരാണ് അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടര്‍ന്ന് കഴക്കൂട്ടം, ചാക്ക ഭാഗത്തുനിന്നുള്ള ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി. മണിക്കൂറുകളെടുത്ത് തീയണയ്ക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമായിരുന്നു സ്‌കൂളില്‍ ഉണ്ടായിരുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
സംഭവം കരുതിക്കൂട്ടി ചെയ്തതാണെന്നുള്ള സൂചനയുണ്ട്. സ്‌കൂള്‍ കോമ്പൗണ്ടില്‍ തന്നെയുണ്ടായിരുന്ന ഒരു ടെമ്പോ ട്രാവലര്‍ ബസില്‍ ഇടിച്ചുകയറ്റിയതായി സംശയിക്കുന്നതായി പോലിസ് പറഞ്ഞു. ഇതിന് ശേഷം തീയിട്ടതായാണ് പോലിസ് കരുതുന്നത്. സംഭവത്തിന് പിന്നില്‍ ആരാണെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചുവരികയാണ്. സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയെടുക്കാനും പോലിസ് തീരുമാനിച്ചിട്ടുണ്ട്.