തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ തീപിടിത്തം; ഫയര്‍ഫോഴ്‌സിന് വഴി നല്‍കാത്ത കാര്‍ പിടിച്ചെടുത്തു
ആലപ്പുഴ: തുറവൂരില്‍ അഗ്‌നിരക്ഷ വാഹനത്തിന് വഴിനല്‍കാതെ വാഹനമോടിച്ച കേസില്‍ കോടംതുരുത്ത് സ്വദേശി സുജിത്തിന്റെ കാര്‍ പിടിച്ചെടുത്തു. തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഫയര്‍ഫോഴ്‌സിന് വഴി നല്‍കാത്ത സംഭവത്തിലാണ് നടപടി. തുറവൂര്‍ ആശുപത്രിയില്‍ തീപിടിച്ച സമയത്താണ് വഴിമുടക്കി വാഹനമോടിച്ചത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് കേസ്. വാഹനം പിടിച്ചെടുക്കുകയും വാഹന ഉടമയ്‌ക്കെതിരേ കേസെടുക്കുകയും ചെയ്തു.
കുത്തിയതോട് കോടന്തുരുത്ത് വൈകുണ്ടത്തില്‍ സുജിത്തിനെതിരേയാണ് പട്ടണക്കാട് പോലിസ് കേസെടുത്തത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ആലപ്പുഴ എസ്എച്ച്ഒയുടെ പരാതിയില്‍ കേസെടുത്തിട്ടുള്ളത്. ആലപ്പുഴയില്‍ നിന്നും പോയ ഫയര്‍ഫോഴ്‌സ് വാഹനത്തിന് മുന്നിലാണ് കാര്‍ വഴിമാറാതെ സഞ്ചരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30ഓടെ ആയിരുന്നു സംഭവം. തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് മുകള്‍ ഭാഗത്തുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയില്‍ നിന്ന് തീ പടരുകയായിരുന്നു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഡയാലിസിസ് യൂണിറ്റിലുണ്ടായിരുന്ന രോഗികളെയും മറ്റും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞതിനാല്‍ ആളപായമുണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായത്.