കാസര്‍കോട്ട് പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം

Update: 2026-03-25 13:06 GMT

കാസര്‍കോട്: ചെറുവത്തൂരില്‍ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം. കൈതക്കാട് സ്വദേശി യു കെ കുഞ്ഞബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച വൈകിട്ട് 3.15ഓടെയാണ് സംഭവം. പ്ലാന്റില്‍ നിന്നും വന്‍തോതില്‍ തീയും കറുത്ത പുകയും ഉയരുന്നുണ്ട്. പുനരുപയോഗത്തിനായി പ്ലാന്റില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്, പേപ്പര്‍, തുണികള്‍, ചെരിപ്പുകള്‍ എന്നിവയിലേക്കാണ് തീ പടര്‍ന്നത്. ഇവയിലേക്ക് വളരെ പെട്ടന്ന് തീ വ്യാപിക്കുകയായിരുന്നു.

തൃക്കരിപ്പൂര്‍ ഉള്‍പ്പെടെയുള്ള വിവിധ സ്റ്റേഷനുകളില്‍ നിന്നായി അഞ്ച് യൂണിറ്റ് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും സംയുക്തമായാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്. നിലവില്‍ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ മറ്റ് നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.