ഗോവയിലെ നിശാ ക്ലബ്ബിലെ തീപിടിത്തം; നടത്തിപ്പുകാരായ നാലുപേര്‍ അറസ്റ്റില്‍

ക്ലബ് മാനേജറെയും മൂന്ന് ജീവനക്കാരെയുമാണ് അറസ്റ്റ് ചെയ്തത്, അപകടത്തില്‍ 25 പേരാണ് മരണപ്പെട്ടത്

Update: 2025-12-07 16:54 GMT

പനാജി: ഗോവയിലെ അര്‍പോറയിലുള്ള നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍. അപകടത്തില്‍ 25 പേരാണ് മരണപ്പെട്ടത്. ക്ലബ് മാനേജറെയും മൂന്ന് ജീവനക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. സുരക്ഷാ മുന്‍കരുതലുകളില്ലാതെ നടത്തിയ ഫയര്‍ ഷോ ആണെന്ന് ചൂണ്ടിക്കാട്ടി കേസെടുത്തതിനു പിന്നാലെയാണ് അറസ്റ്റ്. ബാഗയിലെ ബിര്‍ച്ച് ബൈ റോമിയോ ലേന്‍ ക്ലബ്ബിലെ ചീഫ് ജനറല്‍ മാനേജര്‍ രാജീവ് മോദക്, ജനറല്‍ മാനേജര്‍ വിവേക് സിങ്, ബാര്‍ മാനേജര്‍ രാജീവ് സിങ്ഹാനിയ, ഗേറ്റ് മാനേജര്‍ പ്രിയാന്‍ഷു ഠാക്കൂര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ക്ലബ്ബ് ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവര്‍ക്കെതിരേ എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ പെട്ടെന്നുതന്നെ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി പറഞ്ഞു.

ക്ലബ്ബിനുള്ളില്‍ പടക്കങ്ങള്‍ ഉപയോഗിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. പുറത്തേക്കുള്ള വഴികള്‍ കുറവായിരുന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഗോവ സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. റോമിയോ ലേനിന്റെ കീഴിലുള്ള മറ്റു ക്ലബ്ബുകള്‍ സീല്‍ ചെയ്തതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഇത്തരത്തിലുള്ള നിയമപരമല്ലാത്ത ക്ലബ്ബുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും പ്രമോദ് സാവന്ത് കൂട്ടിച്ചേര്‍ത്തു.

ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു നിശാക്ലബ്ബില്‍ തീപിടിത്തമുണ്ടായത്. പരിപാടി നടക്കുന്നിടത്ത് പടക്കം പൊട്ടിച്ചതാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. 25 പേരുടെ ജീവനാണ് അപകടത്തില്‍ നഷ്ടമായത്. മരിച്ചവരില്‍ 14 ജീവനക്കാരും നാലു വിനോദ സഞ്ചാരികളും ഉണ്ടായിരുന്നതായി വിവരങ്ങള്‍ പുറത്തുവന്നു. ശേഷിക്കുന്ന ഏഴു പേര്‍ ആരൊക്കെയാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.