തുസ്ലയില്‍ ബോര്‍ഡിങ്ങ് ഹൗസില്‍ തീപിടിത്തം; 10 പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

Update: 2025-11-05 05:18 GMT

സരയാവോ: ബോസ്‌നിയ ഹെര്‍സെഗോവിനയിലെ വടക്കുകിഴക്കന്‍ നഗരമായ തുസ്ലയിലെ വിരമിച്ചവര്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന ബോര്‍ഡിങ്ങ് ഹൗസില്‍ തീപിടിത്തം. കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. തീപിടുത്തത്തില്‍ 10 പേര്‍ മരിച്ചു. 20 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

തീപിടുത്തമുണ്ടായ വിവരം ലഭിച്ചയുടന്‍ അഗ്നിശമന സേന എത്തി കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിക്കാനായതായും അധികാരികള്‍ അറിയിച്ചു. മരണങ്ങള്‍ സ്ഥിരീകരിച്ചതായി കന്റോണല്‍ നേതാവ് ഇര്‍ഫാന്‍ ഹാലിലാജിക് അറിയിച്ചു. മറ്റു താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags: