സാമ്പത്തിക തട്ടിപ്പ്; നിക്ഷേപകര്‍ക്ക് 80 കോടി വരെ നഷ്ടം, മാനേജര്‍ കസ്റ്റഡിയില്‍

Update: 2025-12-19 07:42 GMT

ബെംഗളുരു: സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ ബെംഗളുരുവിലെ എംജി റോഡ് ശാഖയില്‍ സാമ്പത്തിക തട്ടിപ്പ്. അതിസമ്പന്നരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പില്‍ കുറഞ്ഞത് 2.7 കോടി രൂപ നഷ്ടമായെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് വ്യാപകമായ ക്രമക്കേട് പുറത്തുവന്നത്. എംജി റോഡ് ശാഖ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. നിക്ഷേപകര്‍ക്ക് ഏകദേശം 80 കോടി രൂപ വരെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. കേസുമായി ബന്ധപ്പെട്ട് ശാഖയിലെ റിലേഷന്‍ഷിപ്പ് മാനേജരായ നക്കാ കിഷോര്‍ കുമാറിനെ ബാങ്ക് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇയാള്‍ നിലവില്‍ പോലിസ് കസ്റ്റഡിയിലാണെന്ന് അധികൃതര്‍ അറിയിച്ചു.

സ്ഥിര നിക്ഷേപത്തിനായി ഉപഭോക്താക്കള്‍ നല്‍കിയ തുക അവരുടെ അറിവില്ലാതെ മൂന്നാം കക്ഷികളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് കണ്ടെത്തല്‍. ഉപഭോക്താക്കളുടെ ഒപ്പുകള്‍ വ്യാജമായി ഉപയോഗിച്ചതിനൊപ്പം, തട്ടിപ്പ് മറച്ചുവെക്കുന്നതിനായി വ്യാജ സ്ഥിര നിക്ഷേപ ബോണ്ടുകളും പലിശ രസീതുകളും നല്‍കിയതായി പോലിസ് വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ രണ്ടര കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. പിന്നീട് കൂടുതല്‍ പരാതികള്‍ ലഭിച്ചതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് വ്യക്തമായത്. സംഭവത്തിന്റെ മുഴുവന്‍ വ്യാപ്തി കണ്ടെത്തുന്നതിനായി ബാങ്ക് പ്രമുഖ കണ്‍സള്‍ട്ടിങ് സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ നിയോഗിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ നല്‍കുമെന്നും ബാങ്ക് ഔദ്യോഗികമായി അറിയിച്ചു. കേസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു.

Tags: