സാമ്പത്തിക പ്രതിസന്ധി; സീനിയര്‍ പ്രഫസര്‍ തസ്തിക നിര്‍ത്തലാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഇനി മുതല്‍ സീനിയര്‍ പ്രഫസര്‍ തസ്തിക ഉണ്ടാവില്ല. സാമ്പത്തിക പ്രതിസന്ധി കാരണം ഇത് നിര്‍ത്തലാക്കുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
പത്തു വര്‍ഷം പ്രൊഫസര്‍ തസ്തികയില്‍ തുടരുന്നവര്‍ക്കാണ് സീനിയര്‍ പ്രൊഫസര്‍ തസ്തിക നല്‍കുക. പ്രത്യേക അഭിമുഖം നടത്തിയ ശേഷമാണ് ഈ പദവിയിലേക്കുള്ളവരെ തിരഞ്ഞെടുത്തിരുന്നത്. യുജിസിയും എഐസിടിഇയും ഇതിനുള്ള മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ സീനിയര്‍ പ്രഫസര്‍ തസ്തിക ഇനി കേരളത്തിലെ സര്‍വകലാശാലകളില്‍ വേണ്ടെന്നാണ്.
2019 മുതല്‍ സീനിയര്‍ പ്രഫസര്‍ തസ്തികയില്‍ വന്ന പലരും വിരമിച്ചു. പലരും ആ പദവിയില്‍ തുടരുന്നുമുണ്ട്. പ്രമോഷന്‍ നിയമനം റദ്ദാക്കിയാല്‍ അവര്‍ക്കു നല്‍കിയ ശമ്പളം തിരിച്ചു പിടിക്കേണ്ടതായി വരും. മാത്രമല്ല രാജ്യത്തെ പ്രധാന സര്‍വകലാശാലകളില്‍ വിസി നിയമനത്തിന് കേരളത്തിലെ അധ്യാപകരെ പരിഗണിക്കുന്നതും നിയമനം ലഭിക്കുന്നതും ഇതോടെ ചുരുങ്ങുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള 10 സര്‍വകലാശാലകളിലാണ് സീനിയര്‍ പ്രൊഫസര്‍ തസ്തിക നിര്‍ത്തലാക്കുന്നത്.