ജോലിയില്ലാത്ത യുവതീ യുവാക്കള്‍ക്ക് മാസം 1500 രൂപ; പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ

Update: 2026-02-05 10:59 GMT

കൊല്‍ക്കത്ത: ലക്ഷ്മി ഭണ്ഡാര്‍ പദ്ധതി പ്രകാരം വനിതാ ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 500 രൂപ കൂടി നല്‍കിക്കൊണ്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള 4.06 ലക്ഷം കോടി രൂപയുടെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു. ജോലിയില്ലാത്ത യുവതീ യുവാക്കള്‍ക്ക് മാസം 1500 രൂപ ധനസഹായം നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന് ബംഗാള്‍ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പ്രഖ്യാപിച്ചു.

ജോലി കിട്ടാത്ത യുവാക്കള്‍ക്ക് പ്രതിമാസം 1500 എന്ന നിരക്കില്‍ തുടര്‍ച്ചയായ അഞ്ചു വര്‍ഷമാണ് സഹായം ലഭിക്കുക. 21നും 40വയസ്സിനും ഇടയിലുള്ളവരാകും പദ്ധതിയുടെ ഗുണഭോക്താക്കള്‍.

സ്ത്രീകള്‍ക്കാണെങ്കില്‍ പദ്ധതി പ്രകാരം 500 രൂപ കൂടി അധികം ലഭിക്കും. തിരഞ്ഞെടുപ്പിനു ശേഷം, തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ തന്നെ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

നിര്‍ദ്ദിഷ്ട ബജറ്റിന് കീഴില്‍, സ്വസ്ത്യസതി പോലുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലവിലുള്ള സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ഗിഗ് തൊഴിലാളികളെ ഉള്‍പ്പെടുത്തും.അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും സഹായികള്‍ക്കും ഉള്ള അലവന്‍സുകള്‍ 1,000 രൂപ വീതം വര്‍ദ്ധിപ്പിച്ചു, മരണമടഞ്ഞാല്‍ അടുത്ത ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും ബജറ്റില്‍ വാഗ്ദാനം ചെയ്തു.

Tags: