വിയ്യൂരില്‍ തടവുകാരന്‍ ചാടിപ്പോയ സംഭവത്തില്‍ തമിഴ്‌നാട് പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കും

ബാലമുരുകന്‍ രക്ഷപെട്ടത് തമിഴ്‌നാട് പോലിസിന്റെ സഹായത്തോടെ

Update: 2025-11-04 06:54 GMT

തൃശൂര്‍: വിയ്യൂര്‍ ജയിലിലേക്കെത്തിക്കുന്നതിനിടെ, തമിഴ്‌നാട് പോലിസിന്റെ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനായി വ്യാപക തിരച്ചില്‍. 53 കേസുകളില്‍ പ്രതിയായ ബാലമുരുകന്‍ വിയ്യൂര്‍ ജയില്‍പരിസരത്തു തന്നെയുണ്ടാകുമെന്ന നിഗമനത്തിലാണ് കേരളാ പോലിസ്. പ്രതി രക്ഷപെട്ടത് തമിഴ്‌നാട് പോലിസിന്റെ സഹായത്തോടെയാണോയെന്ന സംശയവും ഉയരുന്നുണ്ട്. അതേസമയം തമിഴ്‌നാട് പോലിസ് സംഘം മദ്യപിച്ചിരുന്നോയെന്നും സംശയിക്കുന്നുണ്ട്.

ബാലമുരുകന് ആലത്തൂരില്‍ നിന്ന് ഭക്ഷണം വാങ്ങി കൊടുത്ത ശേഷം കൈവിലങ്ങ് ഉണ്ടായിരുന്നില്ലെന്നാണ് മൊഴി. വിയ്യൂര്‍ ജയിലിനു സമീപം എത്തിയപ്പോള്‍ മൂത്രമൊഴിക്കാന്‍ വാഹനം നിര്‍ത്തി. കാറില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ മാത്രം പുറത്തിറങ്ങി. ഇതിനിടയില്‍ ബാലമുരുകന്‍ ജയില്‍ വളപ്പിലേക്ക് എടുത്തുചാടുകയായിരുന്നു. തിരഞ്ഞിട്ടും കിട്ടാതായതോടെയാണ് ലോക്കല്‍ പോലിസിനെ വിവരമറിയിച്ചതെന്നാണ് മൊഴി. ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത് ഒരുമണിക്കൂര്‍ തമിഴ്‌നാട് പോലിസ് ഒളിച്ചുവച്ചു. ഇന്നലെ രാത്രി 9.40നു കസ്റ്റഡിയില്‍ നിന്ന് ബാലമുരുകന്‍ രക്ഷപ്പെട്ടു. എന്നാല്‍, 10.40നാണ് വിയ്യൂര്‍ പോലിസിനെ വിവരം അറിയിക്കുന്നത്.

ബാലമുരുകന്റെ ചെരുപ്പ് ജയില്‍ വളപ്പില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബാലമുരുകന്‍ അധിക ദൂരത്തേക്ക് പോയിട്ടുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് പോലിസ്. വിയ്യൂര്‍ ജയിലിന്റെ പരിസര പ്രദേശങ്ങളില്‍ തന്നെ ഒളിച്ചിരിക്കാനുള്ള സാധ്യത പോലിസ് തള്ളുന്നില്ല. വിയ്യൂര്‍ ജയിലിന്റെ പരിസരപ്രദേശങ്ങളില്‍ വ്യാപക തിരച്ചില്‍ നടക്കുകയാണ്.

ബാലമുരുകനെക്കുറിച്ച് വിവരം ലഭിക്കന്നവര്‍ പോലിസിനെ അറിയിക്കണമെന്ന് വിയ്യൂര്‍ എസ്എച്ച്ഒ അറിയിച്ചു. തമിഴ്‌നാട് തെങ്കാശി ജില്ലയിലെ കിളിയാനി ഗ്രാമത്തിലെ അമ്മന്‍ കോവില്‍ സ്ട്രീറ്റില്‍ താമസിക്കുന്ന ബാലമുരുകന് 44 വയസുണ്ട്. രക്ഷപ്പെടുമ്പോള്‍ കറുത്ത ഷര്‍ട്ടും വെള്ള മുണ്ടുമാണ് വേഷം. രക്ഷപ്പെട്ട ബാലമുരുകന്‍ വീട്ടിലെത്താന്‍ സാധ്യതയുണ്ടെന്നാണ് പോലിസ് നല്‍കുന്ന വിവരം. വിവരം ലഭിക്കന്നവര്‍ അറിയിക്കേണ്ട നമ്പര്‍: 9497947202 (വിയ്യൂര്‍ എസ്എച്ച്ഒ).