തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് പരിപാടിക്കിടേ കാളകള്‍ വിരണ്ടോടി;അമ്പതോളം പേര്‍ക്ക് പരിക്ക്

Update: 2022-01-03 08:32 GMT

തിരുവണ്ണാമല: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് പരിപാടിക്കിടെ കാളകള്‍ വിരണ്ടോടി അമ്പതോളം പേര്‍ക്ക് പരിക്ക്. തിരുവണ്ണാമല കൊന്തമംഗലത്താണ് സംഭവം. വിരണ്ടോടിയ ഒരു കാളയുടെ പരിശീലകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.പോലിസ് ഇടപെട്ട് പരിപാടി നിര്‍ത്തിവെപ്പിച്ചു.

വിരണ്ടോടിയ കാള കുറുകെ വന്ന ബൈക്കിലിടിച്ച് ബൈക്ക് യാത്രികയ്ക്കും പരിക്കേറ്റു. തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപ്പേട്ട്, കൃഷ്ണഗിരി ജില്ലകളില്‍ നിന്നായി 500 ലേറെ കാളകളെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ട് വന്നിരുന്നു. 1000 ലേറെ പേര്‍ പരിപാടി കാണാന്‍ എത്തിയിരുന്നു.

അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു.അനുമതി നിഷേധിച്ചിട്ടും ചടങ്ങ് നടത്തിയതിനാല്‍ അഞ്ച് സംഘാടകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഈ മാസം 15നാണ് തമിഴ്‌നാട്ടില്‍ മാട്ടുപ്പൊങ്കല്‍. തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി ജല്ലിക്കെട്ടുകള്‍ നടക്കാനിരിക്കുന്നു. തമിഴ് ജനതയ്ക്ക് മേല്‍ വലിയ വൈകാരിക സ്വാധീനമുള്ള ജല്ലിക്കെട്ടിന് അനുമതി നല്‍കണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇതുവരെ വന്നിട്ടില്ല.





Tags:    

Similar News