അഫ്ഗാനിസ്ഥാനില്‍ ഫൈബര്‍ ഇന്റര്‍നെറ്റ് അടച്ചുപൂട്ടി; രാജ്യവ്യാപക പ്രതിഷേധം
കാബൂള്‍: 'അധാര്‍മികത തടയുക' എന്ന പേരില്‍ താലിബാന്‍ ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം കടുപ്പിച്ചു. നിരവധി പ്രവിശ്യകളില്‍ ഫൈബര്‍-ഒപ്റ്റിക് ഇന്റര്‍നെറ്റ് സേവനം പൂര്‍ണ്ണമായും അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സര്‍ക്കാര്‍ ഓഫിസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, വീടുകള്‍ തുടങ്ങിയിടങ്ങളില്‍ വൈ-ഫൈ ലഭ്യമല്ലാതായി.
വടക്കന്‍ ബാല്‍ക്ക് പ്രവിശ്യയിലടക്കമുള്ള പ്രദേശങ്ങളില്‍ ചൊവ്വാഴ്ച സേവനം തടസ്സപ്പെട്ടതായി സ്ഥിരീകരിച്ചു. ബാഗ്ലാന്‍, ബദക്ഷാന്‍, കുണ്ടുസ്, നംഗര്‍ഹാര്‍, തഖാര്‍ തുടങ്ങിയിടങ്ങളിലും ആക്‌സസ് വിച്ഛേദിക്കപ്പെട്ടു. 'അധാര്‍മികത തടയാനാണ് നടപടി, രാജ്യത്തിനുള്ളില്‍ തന്നെ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കും' പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് ഹാജി അത്തൗല്ല സെയ്ദ് വ്യക്തമാക്കി.
രാജ്യത്ത് 1,800 കിലോമീറ്റര്‍ ഫൈബര്‍-ഒപ്റ്റിക് ശൃംഖലയുണ്ടെന്നും, 488 കിലോമീറ്റര്‍ കൂടി വികസനത്തിന് അംഗീകാരം നല്‍കിയിരുന്നുവെന്നും കഴിഞ്ഞ വര്‍ഷം കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വിലക്ക് സ്ഥിതിഗതികള്‍ മാറിമറിച്ചു. വിദ്യാഭ്യാസം, ബിസിനസ്, മാധ്യമ പ്രവര്‍ത്തനം, സോഷ്യല്‍ മീഡിയയിലെ പ്രവേശനം തുടങ്ങി ജീവിതത്തിന്റെ പല മേഖലകളെയും ഇന്റര്‍നെറ്റ് നിരോധനം ബാധിച്ചിരിക്കുകയാണ്. നിരോധനം തുടര്‍ന്നാല്‍ സാമ്പത്തിക-സാമൂഹിക മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
