സ്‌കൂട്ടര്‍ ബസിലിടിച്ച് പ്രതിശ്രുതവധു മരിച്ചു
കഴിഞ്ഞയാഴ്ചയാണ് ബാങ്ക് ജോലി ലഭിച്ചത്
കൊല്ലം: ബസില്‍ സ്‌കൂട്ടറിടിച്ച് പ്രതിശ്രുതവധു മരിച്ചു. കൊല്ലം-തേനി ദേശീയപാതയില്‍ ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്‌കൂളിനു സമീപമാണ് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരിയായ തൊടിയൂര്‍ സ്വദേശിനി അഞ്ജന(24)യാണ് മരിച്ചത്. രാവിലെ പത്തരയ്ക്കായിരുന്നു അപകടം.
യുവതി സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് തട്ടിയതോടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറ്റൊരു ബസിലിടിച്ചാണ് അപകടം. അപകട സ്ഥലത്തുതന്നെ അഞ്ജന മരിച്ചു. കരിന്തോട്ട സര്‍വീസ് സഹകരണ ബാങ്കില്‍ ക്ലര്‍ക്ക് ജീവനക്കാരിയാണ് അഞ്ജന. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാങ്കില്‍ നിയമനം ലഭിച്ചത്. ഈയടുത്താണ് അഞ്ജനയുടെ വിവാഹനിശ്ചയം നടന്നത്. വിവാഹം ഒക്ടോബര്‍ 19-ന് നടക്കാനിരിക്കവേയാണ് മരണം.