ഇന്റേണ്‍ഷിപ്പിനെത്തിയ യുവ മുസ്‌ലിം ഡോക്ടര്‍ നിഖാബ് മാറ്റണമെന്ന് വനിതാ ഡോക്ടര്‍; മതപരമായ കാര്യത്തില്‍ ഇടപെടരുതെന്ന് യുവ ഡോക്ടര്‍

Update: 2025-08-19 06:14 GMT

ജയ്പൂര്‍: രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പിനെത്തിയ യുവ മുസ്‌ലിം ഡോക്ടറോട് നിഖാബ് ഊരാന്‍ ആവശ്യപ്പെട്ട മുതിര്‍ന്ന വനിതാ ഡോക്ടറുടെ നടപടി പ്രതിഷേധത്തിന് കാരണമായി. രോഗികള്‍ക്ക് സുരക്ഷയുണ്ടാവണമെങ്കില്‍ യുവഡോക്ടര്‍ നിഖാബ് ഊരണമെന്നാണ് മുതിര്‍ന്ന വനിതാ ഡോക്ടറായ ഡോ. ബിന്ദു ഗുപ്ത ആവശ്യപ്പെട്ടത്. ആശുപത്രി ജീവനക്കാര്‍ രോഗികള്‍ക്ക് മുന്നില്‍ മുഖം വെളിപ്പെടുത്തണമെന്ന് ഡോ. ബിന്ദു ഗുപ്ത ഇന്റേണിനെ ശാസിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. ''ഇതിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പാണ്. കുത്തിവയ്പ്പ് നല്‍കുന്നവരുടെ മുഖം രോഗി കാണണം''-അവര്‍ പറഞ്ഞു.

VIDEO: https://x.com/AshrafFem/status/1957356149948469335

മതപരമായ വിശ്വാസത്തിന്റെ ഭാഗമായാണ് മുഖം മറയ്ക്കുന്നതെന്ന് യുവ ഡോക്ടര്‍ മറുപടി നല്‍കുന്നുണ്ട്. എന്നാല്‍, മുഖം കാണിക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ നിങ്ങള്‍ ഇവിടെ ജോലി ചെയ്യരുതെന്നാണ് ഡോ.ബിന്ദു ഗുപ്ത മറുപടി നല്‍കിയത്. ഡ്യൂട്ടി സമയത്ത് മാത്രം നിഖാബ് ധരിക്കരുതെന്നാണ് യുവ ഡോക്ടറോട് പറഞ്ഞതെന്നും വര്‍ഗീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും ഡോ.ബിന്ദു പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ പ്രാക്ടിസ് ചെയ്യുമ്പോള്‍ മുഖം കാണിക്കുന്നത് സാധാരണ രീതിയാണെന്നും വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും ആശുപത്രി ചുമതലയുള്ള ഡോ. വിനോദ് പര്‍വേരിയ പറഞ്ഞു. സംഭവത്തിന്റെ വീഡിയോയെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും വിവാദപരമോ പ്രകോപനപരമോ ആയ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു.

അതേസമയം, യുവഡോക്ടര്‍ക്കെതിരേ ബിജെപി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. മുസ്‌ലിം സ്ത്രീ 'നുണ പറഞ്ഞുകൊണ്ട് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നു' എന്നാണ് പരാതിയില്‍ പറയുന്നത്. ബിജെപിയുടെത് വര്‍ഗീയ സ്വഭാവമുള്ള നടപടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Tags: