'ഇടതുപക്ഷത്തിന് ഭരണം പോകുമെന്ന പേടി, ജനമനസ് ഇപ്പോള്‍ യുഡിഎഫിനൊപ്പം'; രമ്യ ഹരിദാസ്

പത്തു വര്‍ഷമായി ഇടതുപക്ഷത്തെ ജനം അത്രമാത്രം വെറുത്തു കഴിഞ്ഞെന്ന് രമ്യ ഹരിദാസ്

Update: 2026-01-23 11:12 GMT

പാലക്കാട്: കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തിലൂടെ ജനങ്ങള്‍ ഇടതുപക്ഷത്തെ അത്രമേല്‍ വെറുത്തു കഴിഞ്ഞുവെന്നും കേരളത്തിന്റെ മനസ്സ് ഇപ്പോള്‍ യുഡിഎഫിനൊപ്പമാണെന്നും കോണ്‍ഗ്രസ് നേതാവ് രമ്യ ഹരിദാസ്. പത്തു വര്‍ഷത്തെ ഭരണം നഷ്ടപ്പെടുമെന്ന ചിന്ത ഇടതുപക്ഷത്തെ വല്ലാതെ ഭ്രാന്തു പിടിപ്പിക്കുന്നുണ്ടെന്നും അതിന്റെ ബാക്കിയായിരുന്നു മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശവും അതിനെ പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടി എത്തിയതുമെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

നാട്ടില്‍ കലാപമുണ്ടാകുമെന്ന് ഭയപ്പെടുത്തി ജനങ്ങളെ കീഴ്‌പ്പെടുത്താനാണ് എ കെ ബാലന്‍ ശ്രമിക്കുന്നതെന്ന് രമ്യ കുറ്റപ്പെടുത്തി. ലോകത്തെ സ്റ്റാലിന്‍ ഉള്‍പ്പെടേയുള്ള കമ്മ്യൂണിസ്റ്റ് ഏകാധിപതികള്‍ പ്രയോഗിച്ച അതേ തന്ത്രമാണിതെന്നും, ഇത് കേരളമാണെന്ന് ഓര്‍ക്കുന്നത് നന്നാകുമെന്നും അവര്‍ പരിഹസിച്ചു. നിയമസഭയില്‍ കണ്ടതും ഭരണം നഷ്ടപ്പെടുമെന്ന ഭയത്തിന്റെ ബാക്കിപത്രമാണെന്നും സോണിയ ഗാന്ധിക്കെതിരായ ആരോപണങ്ങള്‍ ബാലിശമാണെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാര്‍ക്കും അടുത്ത ബന്ധമാണുള്ളതെന്ന് രമ്യ ആരോപിച്ചു. പ്രതികളായ പത്മകുമാര്‍, മുരാരി ബാബു, എന്‍ വാസു എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിന് തെളിവാണ്. സ്വര്‍ണക്കേസില്‍ പ്രതികളുമായി ബന്ധമുള്ള സിപിഎം നേതാക്കളുടേയും മന്ത്രിമാരുടേയും വീടുകളില്‍ റെയ്ഡ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നും രമ്യ വെല്ലുവിളിച്ചു. പത്ത് വര്‍ഷത്തെ അഴിമതിയും ധിക്കാരവും ജനങ്ങളെ ഇടതുപക്ഷത്തില്‍ നിന്ന് അകറ്റിയെന്നും ഇപ്പോള്‍ തിരിച്ചടികള്‍ കണ്ട് വിറളി പിടിച്ചിട്ട് കാര്യമില്ലെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.