മായം കലര്‍ന്ന 3,800 കിലോ മാംഗോ പള്‍പ്പ് പിടിച്ചെടുത്ത് നശിപ്പിച്ച് എഫ്ഡിഎ

Update: 2026-04-16 05:37 GMT

മുംബൈ: മഹാരാഷ്ട്രയിലെ പൂനെയില്‍ മായം കലര്‍ന്ന 3,800 കിലോ മാംഗോ പള്‍പ്പ് പിടിച്ചെടുത്തു. പൂനെയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) പള്‍പ്പ് പിടിച്ചെടുത്തത്. അംഗീകാരമില്ലാത്ത ഫുഡ് കളറുകളാണ് ഇതില്‍ ചേര്‍ത്തിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.

മാവല്‍ താലൂക്കിലെ ഊര്‍സെ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു നിര്‍മാണ യൂണിറ്റിലാണ് എഫ്ഡിഎ ടീം ആദ്യം റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ക്കെതിരായ അംഗീകാരമില്ലാത്ത ഭക്ഷ്യനിറങ്ങളും മറ്റു വസ്തുക്കളും ഉപയോഗിച്ച് മാമ്പഴ പള്‍പ്പ് നിര്‍മിക്കുന്നതായി കണ്ടെത്തി. മാമ്പഴ പള്‍പ്പ്, പച്ച മാങ്ങ, പഞ്ചസാര, പശുവിന്‍ പാല്‍, കടും മഞ്ഞ നിറത്തിലുള്ള ദ്രാവകം തുടങ്ങിയ ചേരുവകള്‍ ലാബ് പരിശോധനയ്ക്കായി ശേഖരിച്ചു. ഇവിടെ നിന്ന് 3,282 കിലോ മാമ്പഴ പള്‍പ്പാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഇതിന് ഏകദേശം 1.61 ലക്ഷം രൂപ വിലമതിക്കും.

പിന്നീട് ഖേഡ് താലൂക്കിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇവിടെ നിന്ന് 558 കിലോ മാമ്പഴ പള്‍പ്പാണ് പിടിച്ചെടുത്തത്. ഇതോടെ രണ്ടു സ്ഥലങ്ങളില്‍ നിന്നുമായി പിടിച്ചെടുത്ത മായം കലര്‍ന്ന മാമ്പഴ പള്‍പ്പ് 3,800 കിലോയായി. ഇതിന് ഏകദേശം രണ്ടു ലക്ഷം രൂപ വിലമതിക്കും.

Tags: