മല്‍സരപരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ പിതാവ് സമ്മര്‍ദ്ദം ചെലുത്തി; പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി ഡ്രമ്മില്‍ സൂക്ഷിച്ച് മകന്‍
ലഖ്നൗ: പിതാവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വീട്ടിനുള്ളിലെ ഡ്രമ്മില്‍ സൂക്ഷിച്ച് മകന്‍. വ്യാപാരിയായ മാനവേന്ദ്ര പ്രസാദ് സിങ്ങിനെ(49)കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്. പോലിസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയതും മകന്‍ 21കാരനായ അക്ഷത് പ്രതാപ് സിങ്ങിനെ ചോദ്യം ചെയ്തതും. ബി കോം വിദ്യാര്‍ഥിയായ അക്ഷത്ത് പ്രതാപ് സിങ് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
മകന്‍ എന്‍ട്രന്‍സ് എഴുതി മെഡിക്കല്‍ മേഖലയില്‍ കരിയര്‍ കണ്ടെത്തണമെന്നതായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാല്‍ ഇതിനോട് കടുത്ത വിയോജിപ്പുണ്ടായിരുന്ന അക്ഷത് മുന്‍പും പലതവണ പിതാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഒരുതവണ അക്ഷത് വീട്ടില്‍ നിന്നിറങ്ങിപ്പോകുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും തന്റെ നിലപാടില്‍ നിന്നും മാനവേന്ദ്രസിങ് പിന്നോട്ട് പോയില്ലെന്ന് മാത്രമല്ല മകനുമേല്‍ കടുത്ത സമ്മര്‍ദം നല്‍കുകയും ചെയ്തതായാണ് റിപോര്‍ട്ട്. കുറ്റസമ്മതത്തിനു പിന്നാലെ ഫോറന്‍സിക് സംഘം വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. ലഭിച്ച തെളിവുകളുടേയും കുറ്റസമ്മതത്തിന്റേയും അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് ലഖ്‌നൗ അഷിനായ പോലിസ് ഉദ്യോഗസ്ഥന്‍ വിക്രാന്ത് വീര്‍ അറിയിച്ചു.
തര്‍ക്കത്തിനിടെ ഫെബ്രുവരി 20ന് പുലര്‍ച്ചെ 4.30ന് പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് അക്ഷത്തിന്റെ മൊഴി. മല്‍സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ പിതാവ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും ഇതില്‍ പ്രകോപിതനായാണ് കൊലപ്പെടുത്തിയതെന്നും അക്ഷത് പോലിസിനോട് പറഞ്ഞു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴത്തെ നിലയിലെ മുറിയില്‍ എത്തിച്ച മൃതദേഹം പ്രതി കഷ്ണങ്ങളായി മുറിച്ച് ഡ്രമ്മില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. അക്ഷത് പിതാവിന്റെ മൃതദേഹം കഷ്ണങ്ങളാക്കുന്നതു കണ്ട സഹോദരിയ ഭീഷണിപ്പെടുത്തുകയും മിണ്ടാതിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ശേഷം മൃതദേഹഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചു. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ വീട്ടിനുള്ളില്‍ നീല ഡ്രമ്മിലാക്കി സൂക്ഷിക്കുകയും ചെയ്തു. ഇതാണ് പോലിസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
