വെഞ്ഞാറമൂട്: മകളുടെ പ്രണയവിവാഹത്തെച്ചൊല്ലിയുള്ള വൈരാഗ്യത്തില്‍ മരുമകന് നേരെ ലോറിയോടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. വെമ്പായം തേക്കട കുണൂര്‍ സിയോണ്‍കുന്ന് പനച്ചുവിള വീട്ടില്‍ ജോണ്‍ (48)നെയാണ് പോലിസ് പിടികൂടിയത്.
സംഭവത്തില്‍ വെമ്പായം വേറ്റിനാട് കളിവിളാകം സുഭദ്രാഭവനില്‍ അഖില്‍ജിത്ത് (30) ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുക്കകയാണ്. അരയ്ക്കുതാഴെയാണ് ഭൂരിഭാഗം പരിക്കുകള്‍. ഒരു മാസം മുന്‍പ് കുടുംബത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു ജോണിന്റെ മകള്‍ അജീഷ (21) അഖില്‍ജിത്തുമായി വിവാഹിതയായത്. അഖില്‍ജിത്തിന്റെ രണ്ടാം വിവാഹമായിരുന്നു. സംഭവം അറിഞ്ഞപ്പോള്‍ സഹോദരങ്ങള്‍ അജീഷയെ തിരിച്ചുവിളിച്ചുവെങ്കിലും, കഴിഞ്ഞ ആഴ്ച അവള്‍ വീണ്ടും ഭര്‍ത്താവിനൊപ്പം പോവുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് കൊപ്പം സിഎസ്‌ഐ പള്ളിക്ക് സമീപം ഇവരെ കണ്ട ജോണ്‍ സ്വന്തം ലോറിയോടിച്ച് നേരെ ഇടിക്കുകയായിരുന്നു. കാറിനും ലോറിക്കും ഇടയില്‍ പെട്ട അഖില്‍ജിത്തിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.