മദ്യപാനിയായ പിതാവിന്റെ ക്രൂരമര്‍ദനം; ഒന്‍പതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍

മകളെ വീട്ടില്‍ പൂട്ടിയിട്ട് തല്ലി, രാത്രിയില്‍ പുറത്താക്കി, മര്‍ദിച്ചതിനും അസഭ്യം പറഞ്ഞതിനും കേസ്

Update: 2025-12-09 03:51 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പിതാവിന്റെ ക്രൂരമര്‍ദനത്തിനിരയായ ഒന്‍പതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പിതാവ് പ്രബോദ് ചന്ദ്രന്‍ പോലിസ് കസ്റ്റഡിയില്‍. മര്‍ദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തത്. കുട്ടിയുടെ മൊഴിയുടെ അടസ്ഥാനത്തിലാണ് കേസ്. ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്തിട്ടുണ്ട്. പിതാവിന്റെ ക്രൂരമര്‍ദനം സഹിക്കവയ്യാതെ ആത്മഹത്യക്ക് ശ്രമിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. പിതാവ് വീട്ടില്‍ പൂട്ടിയിട്ട് തല്ലുമായിരുന്നെന്നും രാത്രിയില്‍ വീടിന് പുറത്താക്കുമായിരുന്നെന്നും കുട്ടി പറഞ്ഞിരുന്നു.

നെയ്യാറ്റിന്‍കര അരങ്കമുകളിലാണ് സംഭവം. പിതാവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതില്‍ മനംനൊന്തായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യ ശ്രമം. സ്ഥിരം മദ്യപാനിയായ പിതാവ് അസഭ്യം പറയുകയും പൊതുവഴിയില്‍ വെച്ച് മര്‍ദിച്ചെന്നും അമ്മയെയും തന്നെയും വീട്ടില്‍ നിന്നും ഇറക്കി വിടാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

ഭര്‍ത്താവായ പ്രബോദ് ചന്ദ്രനെതിരേ ഭാര്യ സംഗീത നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. പഠിക്കാന്‍ അനുവദിക്കാതെ പിതാവ് പാഠപുസ്തകങ്ങള്‍ വലിച്ചുകീറിയതായും ചൈല്‍ഡ് ലൈന്‍ ഇടപെട്ടിട്ടും മദ്യപിച്ച് മര്‍ദനം തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയ കുട്ടിയെ പിതാവ് വീണ്ടും മര്‍ദിച്ചു. മുഖത്തടക്കം പരിക്കേറ്റ കുട്ടി ബാത്ത്‌റൂമില്‍ കയറി ക്ലീനിങ് ലോഷന്‍ കുടിക്കുകയായിരുന്നു. ഗുരുതര നിലയിലായ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.