മക്കളുടെ ക്രൂരമര്‍ദനത്തിനിരയായ അച്ഛന്‍ മരിച്ചു

Update: 2025-09-16 05:16 GMT

ചേര്‍ത്തല: മൂന്നാഴ്ച മുന്‍പ് മദ്യലഹരിയില്‍ മക്കള്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് സാന്ത്വനപരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയ കിടപ്പുരോഗിയായ അച്ഛന്‍ മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് 8ാം വാര്‍ഡ് ചന്ദ്രാനിവാസില്‍ ചന്ദ്രശേഖരന്‍ നായരാണ് (79) മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മക്കളായ അഖില്‍ ചന്ദ്രന്‍ (30), നിഖില്‍ ചന്ദ്രന്‍ (30) എന്നിവര്‍ റിമാന്‍ഡിലാണ്. പിതാവിനെ മര്‍ദിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തതാണ് കേസ്.

മര്‍ദനമേറ്റ് അവശനായ ചന്ദ്രശേഖരനെ മൂത്തമകന്‍ പ്രവീണാണ് ചേര്‍ത്തലയിലെ സ്വകാര്യ സാന്ത്വനകേന്ദ്രത്തിലേക്ക് മാറ്റിയത്. അസ്വാഭാവിക മരണത്തിന് അര്‍ത്തുങ്കല്‍ പോലിസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ പരിക്കുകളാണോ മരണകാരണമെന്ന് വ്യക്തമാകൂ. മര്‍ദനമാണ് മരണ കാരണമെങ്കില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നാണ് പോലിസ് അറിയിച്ചത്.

ഓഗസ്റ്റ് 24നാണ് കട്ടിലില്‍ കിടന്നിരുന്ന ചന്ദ്രശേഖരനെ അഖില്‍ സ്റ്റീല്‍ വളകൊണ്ട് തലയില്‍ അടിക്കുകയും കൈകള്‍ കൂട്ടിപ്പിടിച്ച് കഴുത്തില്‍ ഞെരിക്കുകയും ചെയ്തത്. നിഖില്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തികയും മാതാവ് സമീപത്തു നിസ്സഹായയായി ഇരിക്കുന്ന ദൃശ്യങ്ങളും ഉള്‍പ്പെട്ടിരുന്നു. ദൃശ്യങ്ങള്‍ മൂത്ത സഹോദരന്‍ പ്രവീണിനും സുഹൃത്തുക്കള്‍ക്കും അയച്ചതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Tags: