മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരുന്ന അച്ഛന്‍ മരിച്ചു

മദ്യലഹരിയില്‍ വീട്ടിലെത്തിയ മകന്‍ അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മധുവിന് പരിക്കേറ്റത്

Update: 2025-08-20 05:23 GMT

ഇടുക്കി: ഇടുക്കിയില്‍ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരുന്ന അച്ഛന്‍ മരിച്ചു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടില്‍ മധു (57) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ സുധിഷിനെ പോലിസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 14 നാണ് മകന്‍ സുധിഷ് മദ്യലഹരിയിലെത്തി അമ്മയെ മര്‍ദിച്ചത്. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അച്ഛനെ മര്‍ദിച്ചത്. തുടര്‍ന്ന് തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധു ഇന്ന് രാവിലെയാണ് മരിച്ചത്. മദ്യപിച്ചെത്തി സ്വത്ത് എഴുതി കൊടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മധു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഉടുമ്പന്‍ചോല പോലിസ് അറസ്റ്റ് ചെയ്ത സുധിഷ് നിലവില്‍ റിമാന്‍ഡിലാണ്. മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക്    നല്‍കും.

Tags: