കണ്ണൂര്‍: ചെറുപുഴയില്‍ എട്ടുവയസ്സുകാരിയെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ പിതാവ് അറസ്റ്റില്‍. ചെറുപുഴ പൊലീസാണ് മാമച്ചന്‍ എന്ന ജോസിനെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മലാങ്കടവ് സ്വദേശിയായ മാമച്ചന്‍, മകളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. എട്ടും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളാണ് വീട്ടിലുള്ളത്. പന്ത്രണ്ടുവയസുകാരനായ സഹോദരനാണ്, പെണ്‍കുട്ടിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് ഇടപെട്ടിരുന്നു. ഈ സമയത്താണ് ചെറുപുഴ പോലിസിനോട് ഇത് പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികള്‍ മൊഴി നല്‍കിയത്. മാമച്ചനും ഭാര്യയും ഏറെക്കാലമായി അകന്നു കഴിയുകയാണ്. വീഡിയോ കണ്ട് ഭാര്യ വീട്ടിലേക്ക് തിരിച്ചു വരാന്‍ വേണ്ടിയാണ് പ്രാങ്ക് വീഡിയോ ചെയ്തതെന്നാണ് കുട്ടികളുടെ മൊഴിയില്‍ പറഞ്ഞത്. എന്നാല്‍ പോലീസ് ഇത് വിശ്വസിച്ചില്ല. മാമച്ചനെതിരേ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ്.