പിതാവും മകനും പറമ്പില്‍ ഷോക്കേറ്റ് മരിച്ചനിലയില്‍

Update: 2026-03-03 11:53 GMT

തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം നഗരൂരില്‍ പുരയിടത്തിനു സമീപം പിതാവും മകനും ഷോക്കേറ്റു മരിച്ച നിലയില്‍. ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണി(65)മകന്‍ അഖില്‍(40)എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. നഗരൂര്‍ ബ്ലോക്ക് ഓഫീസിന് സമീപത്തെ പുരയിടത്തിലാണ് അപകടം. മരച്ചീനി കൃഷി ചെയ്യുന്ന സ്ഥലത്ത് കാട്ടുപന്നിയുടേതടക്കം ശല്യമുണ്ട്. പന്നിയെ പ്രതിരോധിക്കുന്നതിന് വേണ്ടി സ്ഥാപിച്ചിരുന്ന വൈദ്യുതിവേലിയില്‍ നിന്ന് ഷോക്കേറ്റാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പുരയിടത്തില്‍ അനധികൃതമായി വൈദ്യുതിവേലി സ്ഥാപിച്ച സ്ഥലമുടയ്‌ക്കെതിരേ കേസെടുത്തു.

കുറിയടുത്തു മഠത്തിന്റെ കൈവശമുള്ള വയലിലാണ് ഇരുവരേയും ചൊവ്വാഴ്ച രാവിലെ മരിച്ചനിലയില്‍ കാണപ്പെട്ടത്. നല്ല രീതിയില്‍ കൃഷി നടന്നുവരുന്ന വയലില്‍ രാവിലെ കാര്യസ്ഥന്‍ വന്നു നോക്കുമ്പോഴാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടതെന്നാണ് വിവരം. ഇവിടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനാല്‍ പന്നിയെ പ്രതിരോധിക്കുന്നതിന് വേണ്ടി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. കൊച്ചുണ്ണി തെങ്ങുകയറ്റ തൊഴിലാളിയും മകന്‍ അഖില്‍ കൂലിവേല തൊഴിലാളിയുമാണ്. ഇരുവരും സമീപത്തെ ഉന്നതിയിലാണ് താമസിക്കുന്നത്. അവധി ദിവസമായതിനാല്‍ തൊട്ടടുത്ത പുരയിടത്തില്‍ കപ്പ പറിക്കാന്‍ കയറിയതാണെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ക്ക് സമീപത്ത് കപ്പ പിഴുതുവെച്ചതായി കാണുന്നുണ്ട്.