കര്‍ഷക നേതാവ് ദല്ലേവാള്‍ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു

Update: 2025-03-28 07:09 GMT

ന്യൂഡല്‍ഹി: അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍ നിരാഹാരം അവസാനിപ്പിച്ചതായി പഞ്ചാബ് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഇന്ന് രാവിലെ വെള്ളം കുടിച്ചാണ് സമരം അവസാനിപ്പിച്ചത്.

കുടഖനൗരി, ശംഭു അതിര്‍ത്തികളില്‍ പ്രതിഷേധിച്ച കര്‍ഷകരെ പിരിച്ചുവിട്ടതായും തടസ്സപ്പെട്ട എല്ലാ റോഡുകളും ഹൈവേകളും തുറന്നുകൊടുത്തതായും പഞ്ചാബിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ഗുര്‍മീന്ദര്‍ സിങ് പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് ദല്ലേവാളിന്റെ ശ്രമങ്ങളെപ്രശംസിച്ചു, രാഷ്ട്രീയ അജണ്ടയില്ലാത്ത ഒരു യഥാര്‍ത്ഥ കര്‍ഷക നേതാവാണ് എന്നായിരുന്നു പ്രശംസ.

കര്‍ഷകരുടെ പരാതികള്‍ പരിശോധിക്കാനും അനുബന്ധ സ്റ്റാറ്റസ് റിപോര്‍ട്ട് സമര്‍പ്പിക്കാനും മുന്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.

ദല്ലേവാളിന് വൈദ്യസഹായം നല്‍കണമെന്ന സുപ്രിംകോടതി ഉത്തരവ് പാലിക്കാത്തതിന് പഞ്ചാബ് ചീഫ് സെക്രട്ടറിക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്‌ക്കുമെതിരായ കോടതിയലക്ഷ്യ നടപടികളും സുപ്രിംകോടതി പിന്‍വലിച്ചു.

Tags: