പൊട്ടിവീണ കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കര്‍ഷകന്‍ മരിച്ചു; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

Update: 2025-12-02 13:34 GMT

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് കാഞ്ഞങ്ങാട് പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. ചെമ്മട്ടംവയല്‍ അടമ്പില്‍ സ്വദേശി എ കുഞ്ഞിരാമന്‍(65)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് കുഞ്ഞിരാമനെ തോട്ടത്തില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. സംഭവത്തില്‍ കെഎസ്ഇബിയുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി. ഉപയോഗശൂന്യമായ വൈദ്യുത കമ്പിയാണ് പൊട്ടിവീണതെന്നും പൊട്ടിവീണ ലൈനിലെ സപ്ലൈ കട്ട് ചെയ്യണമെന്ന് കെഎസ്ഇബിയെ അറിയിച്ചിരുന്നുവെന്നും വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നത് അറിഞ്ഞില്ലെന്നും സ്ഥലം ഉടമ വേണു പറഞ്ഞു. എന്നാല്‍ ലൈനിലെ സപ്ലൈ കട്ട് ചെയ്തിരുന്നുവെന്നാണ് കെഎസ്ഇബിയുടെ വാദം. മറ്റാരോ ആവശ്യത്തിനായി ലൈന്‍ കണക്ട് ചെയ്ത് ഉപയോഗിച്ചെന്നാണ് അധികൃതരുടെ വിശദീകരണം.

രാവിലെ 10 മണിയോടെ സ്വന്തം തോട്ടത്തിലേക്ക് അടയ്ക്ക പറിക്കാനാണ് അദ്ദേഹം പോയത്. തുടര്‍ന്ന് ബന്ധുക്കള്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാതിരുന്നത് ആശങ്കയുണ്ടാക്കി. ഇതോടെ തോട്ടത്തിലേക്കു പോയ നാട്ടുകാരാണ് വൈദ്യുതി ലൈനില്‍ ആഘാതമേറ്റു വീണ നിലയില്‍ കുഞ്ഞിരാമനെ കാണുകയും ഉടന്‍ തന്നെ വിവരം പോലിസിനെ അറിയിക്കുകയും ചെയ്തത്. ഹോസ്ദുര്‍ഗ് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കുഞ്ഞിരാമന്‍ നേരത്തെ ദിനേശ് ബീഡി കമ്പനിയിലെ തൊഴിലാളിയായിരുന്നു. ഭാര്യ: ശോഭ. മക്കള്‍: മഹേഷ്, മനോജ്, മഹിജ. മരുമക്കള്‍: ഗംഗാധരന്‍, നിഷ. സഹോദരങ്ങള്‍: കൃഷ്ണന്‍, നാരായണി, പരേതനായ പരദേശി.