പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ ജീവനൊടുക്കി

Update: 2026-01-31 04:36 GMT

കാസര്‍കോട്: പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതിന്റെ മനോവിഷമത്തില്‍ കര്‍ഷകന്‍ വിഷം കഴിച്ച് ജീവനൊടുക്കി. മുളിയാര്‍, കോട്ടൂര്‍, ബാലനടുക്കയിലെ നാരായണന്‍(80)ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ പറമ്പില്‍ അവശനിലയില്‍ കണ്ടത്. വിഷം കഴിച്ചതായുള്ള സംശയത്തെ തുടര്‍ന്ന് ചെങ്കള നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സയിലായിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. അറിയപ്പെടുന്ന നെല്ല് കവുങ്ങ് കര്‍ഷകനും ക്ഷീര കര്‍ഷകനുമായിരുന്നു നാരായണന്‍.

ഡിസംബര്‍ 31ന് അലഞ്ഞുതിരിഞ്ഞെത്തിയ പേപ്പട്ടി നാരായണന്റെ രണ്ടുവയസുള്ള പശുവിനെ കടിച്ചിരുന്നു. വീടിന് സമീപത്തെ വയലില്‍ കെട്ടിയിട്ടപ്പോഴായിരുന്നു നായ കടിച്ചത്. പശുവിനെ കടിച്ച നായ രണ്ടുദിവസത്തിന് ശേഷം സമീപത്തെ പറമ്പില്‍ ചത്തനിലയില്‍ കണ്ടെത്തി. കുത്തിവെപ്പ് എടുത്തിരുന്നുവെങ്കിലും ജനുവരി 18ന് പശു ചത്തു. നാരായണന്‍ ഇതേതുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ദീര്‍ഘകാലം വിദ്യാനഗര്‍ കാംപ്കോ ശാഖയില്‍ തൊഴിലാളിയായിരുന്നു.

സംഭവത്തില്‍ ആദൂര്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. പത്മാവതിയാണ് നാരായണന്റെ ഭാര്യ. മക്കള്‍: വിനോദ്, വിജു, ബിന്ദു. മരുമക്കള്‍: സുചിത്ര, രജിത, കൃഷ്ണന്‍. സഹോദരങ്ങള്‍: കൊട്ടന്‍, പരേതരായ രാമന്‍, കാര്‍ത്യായനി. അതേസമയം കോട്ടൂര്‍, ബാലനടുക്കം പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്നു നാട്ടുകാര്‍ പറഞ്ഞു. പ്രശ്നത്തിന് പരിഹാരം കാണാന്‍ അടിയന്തിര നടപടി വേണമെന്നു ആവശ്യപ്പെട്ടു.