ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ക്ഷാമത്തിനുള്ള സാധ്യത മുന്നില്‍കണ്ട് കേന്ദ്ര സര്‍ക്കാര്‍ അവശ്യവസ്തു നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നു. പെട്രോളിയവും പ്രകൃതിവാതകവും ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളെയാണ് നടപടി ബാധിക്കുന്നത്. എല്‍പിജി ക്ഷാമം കേരളത്തിലെ ഗാര്‍ഹികവാണിജ്യ മേഖലകളെയും ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എല്‍പിജി സിലിണ്ടര്‍ ബുക്കിംഗുകള്‍ക്ക് 25 ദിവസത്തെ ഇടവേള നിശ്ചയിക്കുമെന്നും വ്യക്തമാക്കി.
അതേസമയം, നിലവില്‍ എല്‍പിജിക്ക് ഗുരുതരമായ ക്ഷാമമില്ലെന്നും അധികൃതര്‍ പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന എല്‍പിജി വിതരണത്തില്‍ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രഥമ പരിഗണന നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിസന്ധി നേരിടുന്നതിനായി അധികമായി ഉല്‍പ്പാദിപ്പിക്കുന്ന പാചകവാതകം പൂര്‍ണമായും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
ഇതിനിടെ മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ എല്‍പിജി സിലിണ്ടറുകളുടെ ലഭ്യതക്കുറവ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനേ തുടര്‍ന്ന് മുംബൈയില്‍ 20 ശതമാനം ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടച്ചുപൂട്ടിയിരിക്കുകയാണ്.
