മൈസൂരില്‍ നിന്ന് മടങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടു; ഒരുസ്ത്രീ മരിച്ചു, ആറുപേര്‍ക്ക് പരിക്ക്
വണ്ടൂര്‍: പേരക്കുട്ടിയെ മൈസൂരിലെ നഴ്‌സിങ് കോളജില്‍ എത്തിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിച്ച് സ്ത്രീ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു, മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാണ്. കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) ആണ് മരിച്ചത്. കുഞ്ഞുമുഹമ്മദ് (70), മകള്‍ താഹിറ (46), മകള്‍ ഷിഫ്ര (14), ഇരട്ടക്കുട്ടികളായ അഷ്മില്‍ (12), നഷ്മില്‍ (12), മരുമകന്‍ പാണ്ടിക്കാട് സ്വദേശി ഇസ്ഹാഖ് (40) എന്നിവര്‍ക്ക് പരുക്കേറ്റു. എല്ലാവരും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കൂരാട് വരമ്പന്‍കല്ല് പാലത്തിന് സമീപമാണ് അപകടം നടന്നത്. കാര്‍ ഓടിച്ചിരുന്നത് ഇസ്ഹാഖാണ്. പാലം കഴിഞ്ഞ ഉടന്‍ എതിര്‍വശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലെ ഉങ്ങു മരത്തിലേക്കാണ് വാഹനം ഇടിച്ചത്. അപകടസമയത്ത് ശക്തമായ മഴ പെയ്തുകൊണ്ടിരുന്നതായും പറയുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. വണ്ടൂര്‍ പോലിസ്, ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ എത്തി വിവിധ ആംബുലന്‍സുകളില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുപോകുന്നതിനിടെ മൈമൂന മരിക്കുകയായിരുന്നു.
