ജീവനുള്ളയാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയി; ബിഹാറിലെ ആശുപത്രിയില്‍ സംഘര്‍ഷം

Update: 2025-08-18 04:34 GMT

പറ്റ്‌ന: വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന മുറിയിലേക്ക് കൊണ്ടുപോയതിനെ തുടര്‍ന്ന് ബിഹാറിലെ ആശുപത്രിയില്‍ സംഘര്‍ഷം. പുര്‍ണിയയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. യുവാവിന്റെ ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരെ കൈയ്യേറ്റം ചെയ്തു.

ശനിയാഴ്ച വൈകീട്ട് പുര്‍ണിയയില്‍ നടന്ന വാഹനാപകടത്തില്‍ മൂന്നുപേര്‍ക്കാണ് പരിക്കേറ്റിരുന്നത്. അതില്‍ രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചു. മൂന്നാമനായ മുഹമ്മദ് നജീമിനെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. അയാള്‍ അവിടെ വച്ചു മരിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയപ്പോള്‍ ജീവനുണ്ടെന്ന് ബന്ധുക്കള്‍ കണ്ടെത്തി. തുടര്‍ന്ന് ബന്ധുക്കള്‍ സ്‌ട്രെച്ചറുമായി എമര്‍ജന്‍സി വാര്‍ഡിലേക്ക് പോയി. പക്ഷേ, നജീം മരിച്ചെന്ന് ഡോക്ടര്‍മാര്‍ വീണ്ടും അറിയിച്ചു. അതാണ് സംഘര്‍ഷത്തിന് കാരണമായത്. വിവിധ സ്റ്റേഷനുകളില്‍ നിന്നും പോലിസ് എത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്.