ആസ്തമ ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജ പതിപ്പുകള്‍; സംസ്ഥാനത്ത് വ്യാപക പരിശോധന
തിരുവനന്തപുരം: ആസ്തമ ചികില്‍സയ്ക്കായി ഉപയോഗിക്കുന്ന സിപ്പ്‌ലാ ലിമിറ്റഡിന്റെ സെറോഫ്‌ലോ റോട്ടാകാപ്സ് 250 ഇന്‍ഹേലറിന്റെ വ്യാജ പതിപ്പുകള്‍ സംസ്ഥാനത്ത് പരിശോധനകളില്‍ പിടികൂടി. ഡ്രഗ്സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലായി നടത്തിയ പരിശോധനയില്‍ രണ്ടുലക്ഷത്തിലധികം രൂപ വിലമതിക്കുന്ന വ്യാജമരുന്നുകളാണ് കണ്ടെത്തിയത്.
വ്യാജ മരുന്ന് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡ്രഗ്സ് കണ്‍ട്രോളറുടെ ഏകോപനത്തില്‍ പരിശോധനകള്‍ ശക്തിപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി, വ്യാജമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട മരുന്നുകള്‍ സ്റ്റോക്ക് ചെയ്തിരുന്നതായി കണ്ടെത്തിയ ബാലരാമപുരത്തെ ആശ്വാസ് ഫാര്‍മ, തൃശൂര്‍ പൂങ്കുന്നത്തെ മെഡ് വേള്‍ഡ് ഫാര്‍മ എന്നീ സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടികള്‍ ആരംഭിച്ചു. ഇവയ്ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടൊപ്പം ഡ്രഗ്സ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും പരിഗണനയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാനത്തിന് പുറത്തുള്ള വിതരണ ശൃംഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്ന് മരുന്നുകള്‍ വാങ്ങുന്ന വ്യാപാരികള്‍ നിര്‍മാതാക്കളില്‍ നിന്ന് വിതരണക്കാരിലേക്ക് എത്തുന്ന എല്ലാ രേഖകളും സൂക്ഷിക്കുകയും പരിശോധനയ്ക്ക് ഹാജരാക്കുകയും വേണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ മരുന്നുകള്‍ സൂക്ഷിക്കുന്നതായി കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ ഡ്രഗ് ലൈസന്‍സ് റദ്ദാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.