ആഭിചാരക്രിയയുടെ പേരില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യാജ സ്വാമി അറസ്റ്റില്‍
കൊല്ലം: ആഭിചാരക്രിയയുടെ പേരില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്നു ദിവസം മുന്‍പാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ ഈസ്റ്റ് പോലിസ് ഇയാളെ അറസ്റ്റു ചെയ്തത്. പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്തായിരുന്നു കുട്ടിയെ ആഭിചാരക്രിയയ്ക്ക് വിധേയയാക്കിയത്. ഉയര്‍ന്ന വിജയം കരസ്ഥമാക്കാമെന്നു പറഞ്ഞ് കുട്ടിയെ ഒറ്റയ്ക്ക് മുറിയില്‍ കൊണ്ടുപോയി സ്വകാര്യ ഭാഗത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. കുട്ടിയുടെ ദേഹത്ത് ഏകദേശം ഏഴോളം ചരടുകളും ഇയാള്‍ കെട്ടിയിട്ടുണ്ട്. കുട്ടി അമ്മയോട് വിവരം പറയുകയും അമ്മ പോലിസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പോലിസ് ചൈല്‍ഡ് ലൈനിനെയും വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കി.
മറ്റുള്ളവരില്‍ നിന്നും കേട്ടറിഞ്ഞാണ് ഷിനുവിന്റെ അടുത്തേക്കെത്തിയതെന്ന് അമ്മ പറഞ്ഞു. പൂജ ചെയ്യണം കുറച്ച് പൈസയേ ആകൂവെന്നു പറഞ്ഞെന്നും ആദ്യം ഒറ്റയ്ക്കു വന്ന് കാര്യങ്ങളെല്ലാം അന്വേഷിച്ച് പിന്നീട് മകളെയും കൂട്ടി വന്നെന്നും അമ്മ പറഞ്ഞു. 'വന്ന സമയത്ത് കുട്ടി പഠിക്കാന്‍ മോശമാണ്, ഒറ്റയ്ക്ക് കുറച്ചു കാര്യങ്ങള്‍ ചോദിക്കണമെന്ന് ഇയാള്‍ പറഞ്ഞു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞാലേ പൂജ ചെയ്യാന്‍ കഴിയൂവെന്നും പറഞ്ഞു. എനിക്ക് വിശ്വാസമായതു കൊണ്ടും നല്ലൊരു മനുഷ്യനാണെന്നും കരുതിയാണ് കുട്ടിയെ ഒറ്റയ്ക്ക് മുറിയില്‍ വിട്ടത്. ഞാന്‍ പുറത്ത് നില്‍ക്കുകയായിരുന്നു. ഏകദേശം മുക്കാല്‍ മണിക്കൂറോളം മകള്‍ മുറിയിലായിരുന്നു. പുറത്തിറങ്ങിയപ്പോള്‍ മകളുടെ മുഖത്ത് ഒരു ഭയമുണ്ടായിരുന്നു. കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ സ്വാമി മോശമായി സ്പര്‍ശിച്ചതായി തോന്നിയെന്ന് മകള്‍ പറഞ്ഞു. സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചെന്നും മകള്‍ പറഞ്ഞു' അമ്മ പറഞ്ഞു.
അതേസമയം ഷിനുവിന്റെ മുറിയില്‍ നിന്നും പൂജാ സാധനങ്ങളും വടിവാളും ചൂരലുകളും ചരടുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. ശംഖ് ജ്യോതിഷം എന്ന പേരിലാണ് ഇയാളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ബാധ ഒഴിപ്പിക്കുക എന്ന പേരില്‍ ചൂരല്‍പ്രയോഗവും ഇയാള്‍ നടത്താറുണ്ടെന്നാണു വിവരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തു നിന്നും ഇവിടേക്ക് ആളുകളെത്താറുണ്ടെന്നാണ് ജീവനക്കാരി പറയുന്നത്. നേരത്തെ ടൈല്‍സ് പണിയെടുത്തായിരുന്നു ഷിനു ജീവിച്ചത്. കുറച്ചു കാലം മുന്‍പാണ് സ്വാമിയുടെ വേഷം കെട്ടി പ്രവര്‍ത്തിച്ചു തുടങ്ങിയത്. 10,000 മുതല്‍ ഒരു ലക്ഷം വരെയാണ് ഇയാള്‍ പൂജയ്ക്ക് ഈടാക്കുന്ന ഫീസ്. മാത്രവുമല്ല, ആളുകളെ കൊണ്ടുവന്നാല്‍ ഇയാള്‍ കമ്മീഷന്‍ നല്‍കാറുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.

