വ്യാജ പുകപരിശോധന സര്‍ട്ടിഫിക്കറ്റ്; കെഎസ്ആര്‍ടിസിയില്‍ ഗുരുതര ക്രമക്കേട്

Update: 2026-01-14 11:25 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സിന് വ്യാജ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയ സംഭവത്തില്‍ ഇടത് സംഘടനാ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ രക്ഷപ്പെടുത്താന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നതിനെതിരേ ഗുരുതര ആരോപണം ഉയര്‍ന്നു. പരിശോധിക്കേണ്ട ബസ്സിന് പകരം മറ്റൊരു ബസ്സ് ഹാജരാക്കി കേന്ദ്രസര്‍ക്കാര്‍ സോഫ്റ്റ്‌വെയറില്‍ ക്രമക്കേട് വരുത്തിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ക്രമക്കേടുകള്‍ തടയുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അടുത്തിടെ സോഫ്റ്റ്‌വെയര്‍ സുരക്ഷ ശക്തമാക്കുകയും നിരീക്ഷണം കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ, സമാന ക്രമക്കേടുകള്‍ കണ്ടെത്തിയ സ്വകാര്യ പുകപരിശോധന കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ക്കെതിരേ ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസിയില്‍ നടന്ന ഗുരുതര ക്രമക്കേടില്‍ രണ്ടു താത്കാലിക ജീവനക്കാരെ മാത്രം ഒഴിവാക്കി വിഷയത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് മാനേജ്‌മെന്റ് നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചതായി മാനേജ്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍, ആര്‍ക്കെതിരേയാണ് അച്ചടക്ക നടപടി എന്നത് വ്യക്തമാക്കിയിട്ടില്ല.

ഡിപ്പോ എഞ്ചിനിയറുടെ അറിവില്ലാതെ മറ്റൊരു ബസ്സ് പുകപരിശോധനയ്ക്ക് ഹാജരാക്കാനാകില്ലെന്നും, പരിശോധനാ കേന്ദ്രത്തിന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടറാണ് ബസ്സ് എത്തിച്ചതും വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കിയതെന്നും താത്കാലിക ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇടത് സംഘടനാ പ്രവര്‍ത്തകനായ ഇന്‍സ്‌പെക്ടറെ സമീപ ഡിപ്പോയായ തമ്പാനൂരിലേക്ക് മാറ്റി മറ്റൊരു ചുമതല നല്‍കിയതാണ് ഇതുവരെ സ്വീകരിച്ച ഏക വകുപ്പുതല നടപടി. എന്നാല്‍ മന്ത്രി ഓഫീസിന്റെ ഇടപെടലിലൂടെ അച്ചടക്ക നടപടി അട്ടിമറിച്ചതായും ആരോപണം ഉയരുന്നുണ്ട്.

പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാര്‍ തന്നെ വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കാന്‍ മുന്‍കൈ എടുത്ത സാഹചര്യത്തില്‍, സോഫറ്റ്‌വെയറിലെ ഏത് ന്യൂനതയാണ് ദുരുപയോഗം ചെയ്തതെന്ന് കണ്ടെത്തേണ്ടതുണ്ടെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് ഇതുവരെ സജീവമായി ഇടപെട്ടിട്ടില്ല. ഇതിനിടെ, കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ബന്ധപ്പെട്ട പുകപരിശോധന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതുമൂലം കെഎസ്ആര്‍ടിസിക്ക് വരുമാന നഷ്ടവും ഉണ്ടായിട്ടുണ്ട്. ജീവനക്കാരുടെ പിഴവുമൂലം സ്ഥാപനത്തിന് സാമ്പത്തിക നഷ്ടം സംഭവിച്ചാല്‍ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന വ്യവസ്ഥ ലംഘിച്ചുവെന്ന വിമര്‍ശനവും ശക്തമാണ്.

Tags: