യുഎഇയില്‍ വ്യാജ 'ധനകാര്യ മേല്‍നോട്ട അതോറിറ്റി'; മുന്നറിയിപ്പുമായി എസ്‌സിഎ

Update: 2025-12-05 09:31 GMT

അബൂദബി: ധനകാര്യ നിയന്ത്രണ ഏജന്‍സിയെന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത സ്ഥാപനം യുഎഇയില്‍ കണ്ടെത്തിയതായി സെക്യൂരിറ്റീസ് ആന്‍ഡ് കമോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ) മുന്നറിയിപ്പ് നല്‍കി. 'ഗള്‍ഫ് ധനകാര്യ പെരുമാറ്റ മേല്‍നോട്ട അതോറിറ്റി' എന്ന പേരില്‍ www.financialgcc.com എന്ന വെബ്‌സൈറ്റിലൂടെയായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനത്തിന് യുഎഇയിലോ ധനകാര്യ മേല്‍നോട്ട മേഖലകളിലോ യാതൊരു വിധത്തിലുള്ള ലൈസന്‍സോ ഭരണ ചുമതലകളോ ഉണ്ടായിരുന്നില്ലെന്ന് എസ്‌സിഎ വ്യക്തമാക്കി. നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഇത്തരം വ്യാജ ഏജന്‍സികളുടെ കുടുക്കില്‍ വീഴരുതെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

നിക്ഷേപകര്‍ പണം കൈമാറുന്നതിനും കരാറുകളിലും വ്യക്തിഗത വിവരങ്ങളിലും ഒപ്പുവെക്കുന്നതിന് മുന്‍പോ സ്ഥാപനങ്ങളുടെ ക്രെഡന്‍ഷ്യലുകള്‍ നിര്‍ബന്ധമായും പരിശോധിക്കണമെന്ന് എസ്‌സിഎ നിര്‍ദ്ദേശിച്ചു. യുഎഇയുടെ ധനകാര്യ വിപണികളും നിക്ഷേപ സ്ഥാപനങ്ങളും നിയന്ത്രിക്കുന്ന ഫെഡറല്‍ ഏജന്‍സിയായ എസ്‌സിഎ നിരന്തരം ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കാറുണ്ട്.

Tags: