വ്യാജ വെളിച്ചെണ്ണ വിപണി; അടിയന്തര അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം

Update: 2026-02-18 07:03 GMT

കോഴിക്കോട്: സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണയുടെ വിപണനം വ്യാപകമായിട്ടുണ്ടെന്ന പരാതിയില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നിര്‍ദേശിച്ചു. 15 ദിവസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. മാര്‍ച്ചില്‍ കോഴിക്കോട് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില ലോബികളാണ് വ്യാജ വെളിച്ചെണ്ണയുടെ വില്‍പനയ്ക്ക് പിന്നിലെന്നാണ് പ്രഫ. വര്‍ഗീസ് മാത്യു സമര്‍പ്പിച്ച പരാതിയില്‍ ആരോപിക്കുന്നത്. വിപണിയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് ശരാശരി 400 രൂപവിലയുള്ളപ്പോള്‍, വ്യാജ ഉല്‍പ്പന്നം 200 രൂപയ്ക്കാണ് ലഭ്യമാകുന്നത്. ആരോഗ്യത്തിന് ദോഷകരമായ ചേരുവകള്‍ ചേര്‍ത്താണ് ഇത് നിര്‍മ്മിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. കോഴിക്കോട്, വയനാട്, വടകര എന്നിവിടങ്ങളെ കേന്ദ്രമാക്കി ഏജന്റുമാര്‍ വ്യാപകമായി വിതരണ ശൃംഖല സജ്ജമാക്കിയിട്ടുണ്ടെന്നുമാണ് ആരോപണം.

ഒരു കിലോ കൊപ്രയ്ക്ക് ഏകദേശം 220 രൂപ വിലയുള്ള സാഹചര്യത്തില്‍, കൊപ്രയുടെ വിലയെക്കാള്‍ കുറവിന് ലിറ്ററിന് 200 മുതല്‍ 260 രൂപ വരെ നിരക്കില്‍ വെളിച്ചെണ്ണ വില്‍ക്കപ്പെടുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ചെറുകിട മില്ലുടമകളുടെ ആരോപണം. സംസ്ഥാനത്തെ ചില ഹോട്ടലുകള്‍ പലഹാരങ്ങള്‍ തയ്യാറാക്കുന്നതിനായി വ്യാജ വെളിച്ചെണ്ണ ഉപയോഗിക്കുന്നുവെന്ന ഗുരുതര ആരോപണവും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

Tags: