ഫേസ്ബുക്ക് സ്റ്റോറി തര്‍ക്കം; രാജ്കോട്ടില്‍ ഫാക്ടറി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി
രാജ്കോട്ട്: സുഹൃത്തുമായി ഉണ്ടായ തര്‍ക്കത്തിനിടെ കുത്തേറ്റ ഫാക്ടറി തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശിയും രാജ്കോട്ടിലെ ഫാക്ടറി തൊഴിലാളിയുമായ പ്രിന്‍സ് കുമാര്‍ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഖ്യപ്രതിയായ ബിഹാര്‍ സ്വദേശി ബിപിന്‍ കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തു. രണ്ടാംപ്രതിയായ ബ്രിജേഷ് ഗോണ്ഡ് ഒളിവിലാണ്. യുവാവ് മരിച്ചതോടെ ഇരുവര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി കേസ് എടുത്തതായി പോലിസ് അറിയിച്ചു.
നാലു മാസം മുന്‍പ് മരിച്ച മുത്തച്ഛനെ ഓര്‍ത്ത് പ്രിന്‍സ് പങ്കുവെച്ച ഫേസ്ബുക്ക് സ്റ്റോറിയ്ക്ക് ബിപിന്‍ ചിരിക്കുന്ന ഇമോജി ചേര്‍ത്തതാണ് തര്‍ക്കത്തിനും കൊലപാതകത്തിനും കാരണമായതെന്ന് പോലിസ് അറിയിച്ചു. സെപ്റ്റംബര്‍ 12നായിരുന്നു സംഭവം. അന്ന് രാത്രി ഫാക്ടറിക്കു പുറത്തിരുന്ന പ്രിന്‍സിനെ ലക്ഷ്യമിട്ട് ബിപിന്‍ എത്തുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രിന്‍സിനെ ബ്രിജേഷ് തടഞ്ഞുനിര്‍ത്തി, പിന്നാലെ ബിപിന്‍ കുത്തുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ പ്രിന്‍സിനെ ആശുപത്രിയിലെത്തിച്ച് മൊഴി നല്‍കിയെങ്കിലും, ആരോഗ്യനില വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെ പ്രിന്‍സ് മരിച്ചു.