സാദിഖലി തങ്ങള്‍ക്കെരേ പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി

Update: 2026-03-26 06:58 GMT

മലപ്പുറം: മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളെ പോലിസ് തിരിച്ചറിഞ്ഞു. പെരിന്തല്‍മണ്ണ സ്വദേശിയായ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷനാണ് പോസ്റ്റിന് പിന്നിലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പെരിന്തല്‍മണ്ണ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതി ഒളിവിലെന്നാണ് പോലിസ് പറയുന്നത്. ബ്ലാക്ക് മെയിലിങ് ആയിരുന്നു ലക്ഷ്യമെന്ന് പോലിസ് പറഞ്ഞു. ദൃശ്യങ്ങള്‍ കാട്ടി 15 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് നല്‍കാതിരുന്നതോടെയാണ് ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടതെന്നുമാണ് പോലിസ് പറയുന്നത്.

വ്യാജ ദൃശ്യങ്ങള്‍ കാണിച്ചു സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15കോടി രൂപ ആവശ്യപ്പെട്ടു. ഇത് നിരസിച്ചപ്പോളാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പാണക്കാട് സാദിഖലി തങ്ങളെ അപകീര്‍ത്തിപെടുത്തിയത്. ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു. അപകീര്‍ത്തികരമായ പോസ്റ്റിട്ട അജ്ഞാത ഐഡിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നേരത്തെ മുസ് ലിം ലീഗ് നേതൃത്വം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ജനുവരി 31നാണ് പ്രതി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതെന്ന് പെരിന്തല്‍മണ്ണ പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. മൊയീനലി തങ്ങളെ ചില അവ്യക്തമായ ചില ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് പ്രതി ഭീഷണിപ്പെടുത്തുകയും 15 കോടി രൂപ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇത് നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് വ്യാജ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിക്കുകയായിരുന്നെന്നാണ് എഫ്ഐആറില്‍ പറയുന്നത്.