ദുബയ്: ദുബയ് വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ സ്ഥാപിച്ച ഫേസ് റെക്കഗ്നിഷന്‍ ക്യാമറകളുടെ സഹായത്തോടെ ചെക്കിന്‍ മുതല്‍ ബോര്‍ഡിങ് വരെയുള്ള പ്രക്രിയ ഇനി മുതൽ പാസ്പോര്‍ട്ടോ ഫോണോ കാണിക്കാതെ പൂര്‍ത്തിയാക്കാം.
ഏകദേശം 85 ദശലക്ഷം ദിര്‍ഹം ചെലവഴിച്ച് നടപ്പാക്കിയ ഈ ഹൈടെക് പദ്ധതി, ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് (ജിഡ്എഫ്ആര്‍എ)യുമായി സഹകരിച്ചാണ് വികസിപ്പിച്ചത്. ക്യാമറയിലേക്കു നോക്കിയാല്‍ ഏകദേശം ഒരു മീറ്റര്‍ ദൂരത്തില്‍നിന്ന് തന്നെ യാത്രക്കാരനെ തിരിച്ചറിയും.
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ചെക്കിന്‍, ഇമിഗ്രേഷന്‍, എമിറേറ്റ്‌സ് ലൗഞ്ച്, ബോര്‍ഡിംഗ് ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളിലൂടെ തടസ്സമില്ലാതെ കടന്നുപോകാം. രജിസ്ട്രേഷന്‍ എമിറേറ്റ്‌സ് ആപ്പ്, സ്വയംസേവന കിയോസ്‌ക്, അല്ലെങ്കില്‍ ചെക്കിന്‍ കൗണ്ടര്‍ വഴിയും നടത്താം. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍, ദുബയിലൂടെ നടത്തുന്ന എല്ലാ എമിറേറ്റ്‌സ് യാത്രകളിലും ഈ ബയോമെട്രിക് പാതകള്‍ ഉപയോഗിക്കാം.
പുതിയ സംവിധാനത്തിലൂടെ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് കണ്‍ട്രോള്‍, ലൗഞ്ച് പ്രവേശനം, ബോര്‍ഡിങ് തുടങ്ങിയവയും സാധ്യമാകും. യുഎഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും, ബയോമെട്രിക് പാസ്പോര്‍ട്ട് ഉള്ള വിസ ഓണ്‍ അറൈവല്‍ യാത്രക്കാരനും ഈ സേവനം ലഭ്യമാകും. പുതിയ സന്ദര്‍ശകര്‍ക്കായി താല്‍ക്കാലിക ബയോമെട്രിക് പ്രൊഫൈല്‍ സൃഷ്ടിക്കപ്പെടും, അത് യുഎഇയില്‍ പ്രവേശിച്ചതിന് ശേഷം ജിഡിഎഫ്ആര്‍എയുടെ സ്ഥിര റെക്കോര്‍ഡായിമാറും.