തീവ്ര താപനില; തൊഴിലാളികളുടെ ജോലി സമയത്തില്‍ പുനര്‍ക്രമീകരണം

Update: 2025-02-11 11:12 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ ചൂട് കുടുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനര്‍ക്രമീകരിച്ചു. സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം. പകല്‍ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും.

ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം.

കണ്‍സ്ട്രക്ഷന്‍, റോഡ് നിര്‍മാണ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി പരിശോധന ഉറപ്പാക്കുമെന്നു ലേബര്‍ കമ്മിഷണര്‍ സഫ്‌ന നസറുദ്ദീന്‍ അറിയിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍, അസി ലേബര്‍ ഓഫീസര്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചായിരിക്കും പരിശോധന.


Tags: