അതിദാരിദ്ര്യമുക്ത പദ്ധതിയെ കരിവാരി തേക്കുന്നത് എന്തുതരം മാധ്യമപവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി

Update: 2026-01-08 14:12 GMT

തിരുവനന്തപുരം: കേരളം നടപ്പാക്കിയ അതിദാരിദ്ര്യമുക്ത പദ്ധതിയുടെ പേരില്‍ ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയെ കരിവാരി തേക്കുന്നത് എന്തുതരം മാധ്യമപവര്‍ത്തനമാണെന്നും ജനങ്ങള്‍ക്ക് എതിരായ രാഷ്ടീയ ലക്ഷ്യമാണ് ഇതിന്റെ പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അതിദാരിദ്ര്യ പദ്ധതി പാളിയെന്നും അതിനാല്‍ സര്‍ക്കാര്‍ അടുത്ത ഘട്ടവുമായി വരുന്നുവെന്നും ഒരു റിപോര്‍ട്ട് വന്നിരുന്നുവെന്നും ഇത് വ്യാജവാര്‍ത്തയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാജന പദ്ധതി തുടര്‍ച്ചയായ പ്രക്രിയയാണ് അതിന്റെ രണ്ടാം ഘട്ടം മാസങ്ങള്‍ക്ക് മുന്‍പു തന്നെ പ്രഖ്യാപിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും വ്യാജവാര്‍ത്ത റിപോര്‍ട്ട് ചെയ്യുന്നത് എന്തു തരം മാധ്യമപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ കരിവാരിത്തേക്കുന്നവരുടെ ലക്ഷ്യമെന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങള്‍ക്കെതിരായ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഇത്തരം വാര്‍ത്തകള്‍ക്കു പിന്നില്‍. നാടിനാകെ അഭിമാനമായ പദ്ധതിയെ കരിവാരിതേക്കുന്നത് എന്തിനു വേണ്ടിയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. 2022ന് ശേഷം ആരെങ്കിലും അതിദാരിദ്ര്യ അവസ്ഥയിലേക്ക് വീണുപോയിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്തുന്നതിനാണ് രണ്ടാം ഘട്ടം. കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ രണ്ടാംഘട്ടത്തിന്റെ പദ്ധതി രേഖയും പ്രകാശിപ്പിച്ചു. 63 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് പത്രത്തിന്റെ ഈ പുതിയ കണ്ടെത്തലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Tags: