സ്‌കൂള്‍ ബസ് കടന്നുപോയതിനു പിന്നാലെ റോഡില്‍ സ്‌ഫോടനം
കോഴിക്കോട് പുറമേരി അറാംവെള്ളിയിലാണ് സ്‌കൂള്‍ ബസിന്റെ ടയര്‍ കയറി ഇറങ്ങിയ ഉടന്‍ പൊട്ടിത്തെറിച്ചത്
കോഴിക്കോട്: കോഴിക്കോട് നാദാപുരം പുറമേരിയില്‍ സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ റോഡില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. അറാംവെള്ളിയില്‍ സ്‌കൂള്‍ ബസ് കടന്ന് പോയ ഉടനെയായിരുന്നു സ്‌ഫോടനം നടന്നത്. ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം. നിറയെ കുട്ടികളുമായി വന്ന ബസ് സ്ഫോടകവസ്തുവിന് മുകളിലൂടെ കയറി ഇറങ്ങിയ ഉടനാണ് പൊട്ടിത്തെറി ഉണ്ടായത്.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ ബസിന്റെ ടയറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. റോഡില്‍ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. വന്‍ ദുരന്തമാണ് ഒഴിവായത്. വിദ്യാര്‍ഥികളെ സ്‌കൂളില്‍ എത്തിച്ചതിനു ശേഷമാണ് ഡ്രൈവര്‍ സംഭവം പോലിസില്‍ അറിയിച്ചത്. നാദാപുരം പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനത്തിന്റെ തീവ്രതയും സ്ഫോടകവസ്തുവും ഏതാണെന്ന് കണ്ടെത്താന്‍ ഫോറന്‍സിക് വിദഗ്ദ്ധരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടക വസ്തുവിന്റെ ഭാഗങ്ങള്‍ റോഡില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്ന് പോലിസ് വ്യക്തമാക്കി.