കൊച്ചി: ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കൊച്ചി കോര്‍പ്പറേഷനില്‍ തുടര്‍ച്ചയായി 32 വര്‍ഷം കൗണ്‍സിലറുമായിരുന്ന ശ്യാമള എസ് പ്രഭു ബിജെപിയില്‍ നിന്ന് രാജിവച്ചു. മട്ടാഞ്ചേരിയിലെ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിവച്ചതെന്ന് ശ്യാമള എസ് പ്രഭു പ്രതികരിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷനിലെ ചെറളായി ഡിവിഷനിലാണ് ശ്യാമള പതിവായി ബിജെപി സീറ്റില്‍ മല്‍സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ശ്യാമളയ്ക്ക് ബിജെപി സീറ്റു നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇവര്‍ ചെറളായി ഡിവിഷനില്‍ സ്വതന്ത്രയായി പത്രിക നല്‍കിയിരുന്നു.
തനിക്കെതിരേ വിമത നീക്കം നടത്തിയവരെ ഇത്തവണ ബിജെപി സ്ഥാനാര്‍ഥികളാക്കാന്‍ നീക്കം നടത്തുന്നുവെന്നും പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുവെന്നും നേരത്തെ ശ്യാമള ആരോപിച്ചിരുന്നു. 1988 മുതല്‍ കൊച്ചി നഗരസഭയിലെ എല്ലാ സ്ഥാനാര്‍ഥി പട്ടികയിലും ശ്യാമള എസ് പ്രഭുവിന്റെ പേര് ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇത്തവണ സീറ്റു നല്‍കാന്‍ ബിജെപി തയ്യാറായില്ല.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിര്‍ദേശിച്ചതു പ്രകാരം പി ആര്‍ ശിവശങ്കരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്യാമളയെ വീട്ടിലെത്തി കണ്ടിരുന്നു. എങ്കിലും ചര്‍ച്ചകള്‍ വിഫലമായിരുന്നു. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി മേഖലയില്‍ ബിജെപിക്ക് കൗണ്‍സിലര്‍മാരുള്ളത് അമരാവതിയിലും ചെറളായിയിലും മാത്രമാണ്. ഇതിനിടെയാണ് കൗണ്‍സിലറായിരുന്ന ശ്യാമളയും പാര്‍ട്ടി വിട്ടത്. മട്ടാഞ്ചേരിയില്‍ ചേരിപ്പോര് രൂക്ഷമാണ്. മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകനായ ആര്‍ സതീഷ് മട്ടാഞ്ചേരി നേതൃത്വത്തിനെതിരേ പരസ്യ പ്രതിഷേധം നടത്തിയിരുന്നു.
