ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയാ ഹില്‍സ് ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ 10 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ മയന്‍സങ്ത്-താങ്സ്‌കോ മേഖലയിലെ ഖനിയിലാണ് അപകടം. ഖനനത്തിനായി ഉപയോഗിച്ച ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായതെന്ന് പോലിസ് സ്ഥിരീകരിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും അസമില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണെന്നാണ് സംശയം. സ്‌ഫോടനത്തെ തുടര്‍ന്ന് മേഘാലയ പോലിസ് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
മരിച്ചവരില്‍ ഒരാള്‍ കതിഗരയിലെ ബിഹാര ഗ്രാമത്തില്‍ നിന്നുള്ളയാളാണെന്ന് സ്ഥിരീകരിച്ചു. മരിച്ച മറ്റ് തൊഴിലാളികളെ തിരിച്ചറിയാനും അവരുടെ കുടുംബങ്ങളെ അറിയിക്കാനും ആരംഭിച്ചിട്ടുണ്ട്. മേഘാലയയിലെ കല്‍ക്കരി ഖനികളിലെ അപകടകരമായ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഈ സംഭവം വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചിട്ടുള്ള ശാസ്ത്രീയമല്ലാത്ത 'എലിമട ഖനനം' നടന്ന ഖനിയിലായിരുന്നു അപകടം. ഇതേ പ്രദേശത്ത് കഴിഞ്ഞ ഡിസംബര്‍ 23നും സ്‌ഫോടനമുണ്ടാവുകയും രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
സ്‌ഫോടനത്തെത്തുടര്‍ന്ന് കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. നിരവധി തൊഴിലാളികള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ടുകള്‍. പരിക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയില്‍ ഷില്ലോങ്ങിലെ ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന ദുരന്തനിവാരണ സേനയും അഗ്‌നിശമന സേനയും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഈസ്റ്റ് ജയന്തിയാ ഹില്‍സ് പോലിസ് സൂപ്രണ്ട് വികാസ് കുമാര്‍ അറിയിച്ചു.