പഞ്ചാബിലെ മുക്ത്സറില്‍ പടക്ക നിര്‍മ്മാണശാലയില്‍ സ്ഫോടനം; അഞ്ചു മരണം

Update: 2025-05-30 07:41 GMT

മുക്ത്‌സര്‍: പഞ്ചാബിലെ മുക്ത്സറില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു മരണം. മുക്ത്‌സര്‍ ജില്ലയിലെ ലാംബി നിയോജകമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന സിംഗ്വാല ഗ്രാമത്തിലെ പടക്ക ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റു.

സിംഗ്വാല ഗ്രാമത്തിലെ തര്‍സെം സിങ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് സ്‌ഫോടനം ുണ്ടായത്. കെട്ടിടം പൂര്‍ണമായും സ്‌ഫോടനത്തില്‍ തകര്‍ന്നു. പലരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഫാക്ടറി തൊഴിലാളികളില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു. നിലവില്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

'രാത്രിയില്‍ മൂന്ന് മൃതദേഹങ്ങളും പുലര്‍ച്ചെ രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തു. അകത്ത് താമസിക്കുന്നതായി കരുതുന്ന തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍, മറ്റാരും ഇനി കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രതീക്ഷ. പക്ഷേ മുന്‍കരുതല്‍ നടപടിയായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്' ഡിഎസ്പി പറഞ്ഞു.

ഒരേ സ്ഥലത്ത് രണ്ട് വ്യത്യസ്ത യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മുക്ത്‌സറിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) അഖില്‍ ചൗധരി പറഞ്ഞു. സ്‌ഫോടനം നടന്ന സമയത്ത് ചില തൊഴിലാളികള്‍ പാക്കേജിംഗിന്റെ തിരക്കിലായിരുന്നു,മറ്റു ചിലര്‍ ഉറങ്ങുകയായിരുന്നു. പ്രഥമദൃഷ്ട്യാ പടക്ക നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പോലിസ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Tags: