പോലിസ് ചമഞ്ഞെത്തി ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും ഫോണും കവര്‍ന്നു; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
കൊച്ചി: പോലിസ് ചമഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കുന്നത്തുനാട് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ നെല്ലിക്കുഴി പുഴക്കര സലീം യൂസഫ് (52), തായ്ക്കാട്ടുകര മേക്കിലക്കാട്ടില്‍ സിദ്ധാര്‍ഥ് (35) എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തെങ്ങളാംകുഴി മണികണ്ഠന്‍ ബിലാല്‍ (30), ഇയാളുടെ കൂട്ടാളി ജിബിന്‍ (32) എന്നിവരെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലു പേരെയും റിമാന്‍ഡ് ചെയ്തിരുന്നു.
ആലുവ-പെരുമ്പാവൂര്‍ റൂട്ടില്‍ തെക്കേ വാഴക്കുളത്തുള്ള അതിഥിത്തൊഴിലാളി ക്യാംപില്‍ പരിശോധനയ്ക്ക് എന്ന വ്യാജേനെയാണ് നാലംഗ സംഘമെത്തുന്നത്. പൊലീസ് എന്ന് പരിചയപ്പെടുത്തി നടത്തി പരിശോധനയില്‍ ഇവര്‍ തൊഴിലാളികളെ ഉപദ്രവിച്ചതായും പരാതിയുണ്ട്. തുടര്‍ന്ന് തൊഴിലാളികളുടെ പക്കലുണ്ടായിരുന്ന 56,000 രൂപയും 4 ഫോണുകളും തട്ടിയെടുക്കുകയായിരുന്നു. പിന്നാലെ ക്യാംപിലെ താമസക്കാരനായ അസം സ്വദേശി ജോഹിറൂള്‍ പരാതിയുമായി തടിയിട്ടപറമ്പ് പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ എക്‌സൈസുകാരാണെന്ന വിവരം ലഭിച്ചത്.