യുഎഇയിലെ എക്സ്ചേഞ്ചുകളില്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് കൂട്ടി

Update: 2024-02-13 12:11 GMT

ദുബയ്: യുഎഇയിലെ എക്സ്ചേഞ്ചുകളില്‍ പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് വര്‍ധിപ്പിക്കുന്നു. 15 ശതമാനമാണ് നിരക്ക് കൂട്ടുന്നത്. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കുന്നത്. എക്‌സ്‌ചേഞ്ച് ഹൗസുകളിലെ വര്‍ധിച്ച ചെലവുകള്‍ പരിഗണിച്ചാണ് തീരുമാനമെന്നാണ് അധികൃതരുടെ വാദം. ശരാശരി രണ്ടര ദിര്‍ഹത്തിന്റെ വര്‍ധനവാണ് ഉണ്ടാവുക. യുഎഇയിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്റ് റെമിറ്റന്‍സ് ഗ്രൂപ്പാണ്(എഫ്ഇആര്‍ജി) ഫീസ് വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. 15 ശതമാനം വര്‍ധനവിന് അധികൃതരില്‍ നിന്ന് അനുമതി ലഭിച്ചതായും എഫ്ഇആര്‍ജി അറിയിച്ചു. ഇതോടെ 2.5 ദിര്‍ഹത്തിന്റെ വര്‍ധനവായിരിക്കും ഫീസില്‍ ഉണ്ടാവുക.

    എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളുടെ ശാഖകള്‍ വഴി നടത്തുന്ന ഇടപാടുകള്‍ക്ക് ഫീസ് വര്‍ധനവ് ബാധകമാവും. എന്നാല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഓണ്‍ലൈന്‍ വഴിയുമൊക്കെ നടക്കുന്ന പണമിടപാടുകള്‍ക്ക് ഫീസ് വര്‍ധിക്കില്ലെന്നാണ് റിപോര്‍ട്ട്. ഡിജിറ്റല്‍ രംഗത്ത് സ്ഥാപനങ്ങള്‍ തമ്മിലുള്ള മല്‍സരം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഫീസ് വര്‍ധനവ് തിരിച്ചടിയാവുമെന്നും അതിനാല്‍തന്നെ കുറയ്ക്കാനും സാധ്യതയുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വിദേശ രാജ്യങ്ങളിലേക്ക് ഏറ്റവുമധികം പണമിടപാടുകള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇന്ത്യ, ഈജിപ്ത്. പാകിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലേക്കും മറ്റ് ഏഷ്യന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുമാണ് യുഎഇയില്‍ നിന്ന് ഏറ്റവുമധികം പണം അയക്കപ്പെടുന്നത്.

    ഏറ്റവുമധികം വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. രാജ്യത്തിന്റെ ജനസംഖ്യയുടെ 85 ശതമാനത്തോളം വിദേശികളാണെന്നാണ് ഔദ്യോഗിക കണക്കുകള്‍. പ്രവര്‍ത്തന ചെലവുകളിലും നിയമപരമായ നിബന്ധകളിലും മാറ്റം വന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ഉന്നത നിലവാരത്തിലുള്ള സേവനം തുടര്‍ന്നും ലഭ്യമാക്കാനാണ് ഫീസ് വര്‍ധനവെന്നാണ് അധികൃതരുടെ വിശദീകരണം.

Tags: