സോളാപൂര്‍: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയെയും ദുരുപയോഗത്തെയും പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിക്കുമ്പോള്‍, മഹാരാഷ്ട്രയിലെ സോളാപൂര്‍ ജില്ലയിലെ ഒരു റെസ്റ്റോറന്റിന് സമീപം ഒരു കാറില്‍ നിന്ന് രണ്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വിവാദം.
സോളാപൂര്‍ ഉള്‍പ്പെടെ 12 ജില്ലാ പരിഷത്തുകളിലേക്കും 125 പഞ്ചായത്ത് സമിതികളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ശനിയാഴ്ചയാണ് നടന്നത്. ശനിയാഴ്ച അര്‍ധരാത്രിയില്‍, മൊഹോള്‍ ടൗണിലെ ഹോട്ടല്‍ സ്വരാജ്യയ്ക്ക് സമീപം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന ഒരു ഉദ്യോഗസ്ഥന്‍ വാടകയ്ക്കെടുത്ത കാറില്‍ രണ്ട് ഇവിഎമ്മുകള്‍ കണ്ടെത്തുകയായിരുന്നു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഒരു എന്‍സിപി സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
സംഭവം പുറത്തറിഞ്ഞയുടനെ തിരഞ്ഞെടുപ്പ് ഓഫീസറും തഹസില്‍ദാറും പോലിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തില്‍ രണ്ട് ഇവിഎമ്മുകളും അടച്ച നിലയിലാണെന്നും തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തി. തിരഞ്ഞെടുപ്പിനായി ഉപയോഗിച്ച എല്ലാ ഇവിഎമ്മുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിഷയത്തില്‍ ശരിയായ അന്വേഷണം നടത്തുമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.