'പാര്‍ട്ടിക്ക് ഒരു കോപ്പുമില്ല, ഇതില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കിയവര്‍ പോയിട്ട് പോലും പാര്‍ട്ടിക്ക് ഒരു പുല്ലും സംഭവിച്ചിട്ടില്ല'; എം എം മണി

Update: 2026-03-12 08:26 GMT

ഇടുക്കി: സിപിഎമ്മുമായി അകന്ന മുന്‍മന്ത്രി ജി സുധാകരന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന പ്രഖ്യാപനം വന്നതിനുപിന്നാലെ വിമര്‍ശനവുമായി സിപിഎം നേതാവ് എം എം മണി. ഇതില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കിയവര്‍ പോയിട്ട് പോലും ഒരു പുല്ലും പാര്‍ട്ടിക്ക് സംഭവിച്ചിട്ടില്ലെന്നും, പാര്‍ട്ടി വിട്ടാല്‍ സുധാകരന്‍ വെറും ശൂ ആണെന്നും അയ്യോ മോനെ പോകല്ലേ എന്ന് പറയില്ലെന്നും എം എം മണി പറഞ്ഞു. ഇടുക്കിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു എം എം മണി.

'ജി സുധാകരന്‍ മല്‍സരിക്കുകയോ മല്‍സരിക്കാതിരിക്കുകയോ ചെയ്യുന്നത് അയാളുടെ വ്യക്തിപരമായ തീരുമാനമാണ്. എത്രയോ ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയിട്ടില്ലേ. ചിലരെ പുറത്താക്കേണ്ടി വന്നിട്ടില്ലേ. അതുകൊണ്ട് ഞങ്ങള്‍ക്ക് എന്നാ. പ്രസ്ഥാനം മുന്നോട്ടുപോകും. എം എം മണി ഇതില്‍ നില്‍ക്കുമ്പോള്‍ വലിയ പുള്ളിയാണ്. ഇതില്‍ നിന്ന് വിട്ടുപോയാല്‍ ശൂ ആണ്. ഞാന്‍ പാര്‍ട്ടി വിടണമെന്ന് തീരുമാനിച്ചാല്‍ എന്നെ അനുനയിപ്പിക്കാന്‍ പറ്റുമോ. പോട്ടെയെന്ന് വെയ്ക്കും. അല്ലാതെ പൊന്നേ മോനേ പോകരുതെടാ എന്ന് പറയാന്‍ കഴിയുമോ'എം എം മണി പരിഹസിച്ചു.

അതേസമയം, തന്റെ പിതാവിനെ വരെ അപമാനിച്ചു എന്ന ജി സുധാകരന്റെ ആരോപണം എം എം മണി തള്ളി. 'അങ്ങനെയൊന്നും നമ്മുടെ പാര്‍ട്ടിയുടെ ആളുകള്‍ ഒന്നും അയാളുടെ പിതാവിനെ വിളിച്ച് അസഭ്യം ഒന്നും പറയില്ല. അത് ഞങ്ങളുടെ സംസ്‌കാരമല്ല. ഞങ്ങള്‍ ചെയ്യുകയുമില്ല' എം എം മണി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി ജനവിധി തേടുമെന്ന് പുന്നപ്ര പറവൂരിലെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജി സുധാകരന്‍ പറഞ്ഞിരുന്നു.

Tags: